Sorry, you need to enable JavaScript to visit this website.

അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് റിയാദിൽ ബാലികമാർക്ക് ദാരുണാന്ത്യം

റിയാദിൽ അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാർ സൗദി അധ്യാപികയെയും മക്കളെയും ബന്ധുക്കളെയും ഇടിക്കുന്നതിനു തൊട്ടുമുമ്പ്
കാറിടിച്ച് മരണപ്പെട്ട ബാലികമാർ.

റിയാദ് - പന്ത്രണ്ടുകാരനായ ബാലൻ അതിസാഹസികമായി വാഹനാഭ്യാസം പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു ബാലികമാർക്ക് ദാരുണാന്ത്യം. റിയാദ് അൽനസീം ഡിസ്ട്രിക്ട് അൽഅർബഈൻ റോഡിലാണ് അപകടം. ബാലികമാരുടെ മാതാവും അധ്യാപികയുമായ നസ്‌റീൻ അൽനൗഫലിനും ബന്ധുക്കളായ രണ്ടു വനിതകൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 


രാത്രിയിൽ അധ്യാപികയും രണ്ടു പെൺമക്കളും ബന്ധുക്കളായ രണ്ടു വനിതകളും നിർത്തിയിട്ട കാറുകൾക്കു സമീപം ഫുട്പാത്തിലൂടെ നടക്കുന്നതിനിടെയാണ് ഇവരെ നിയന്ത്രണം വിട്ട കാറിടിച്ചത്. നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർത്തിയിട്ട കാറിലാണ് ആദ്യം ഇടിച്ചത്. ഇതിനു ശേഷം അധ്യാപികയെയും മക്കളെയും ബന്ധുക്കളെയും ഇടിച്ച കാർ റോഡ് സൈഡിലെ മരങ്ങളിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അധ്യാപികയും ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 
ഇടിയുടെ ആഘാതത്തിൽ സഹോദരിയും മക്കളും മൂന്നു മീറ്റർ ഉയരത്തിൽ ഉയർന്നുപൊങ്ങി നിലത്തേക്ക് വീഴുകയായിരുന്നെന്ന് അധ്യാപിക നസ്‌റീൻ അൽനൗഫലിന്റെ സഹോദരനും പ്രസശസ്ത സ്‌പോർട്‌സ് മാധ്യമപ്രവർത്തകനുമായ താരിഖ് അൽനൗഫൽ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഏറ്റവും കടുത്ത ശിക്ഷകൾ നൽകണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 


 

Latest News