ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇന്ന് 7,495 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം 236 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,47,65,976 ആയി. നിലവില്‍ ആക്ടീവ് കേസുകള്‍ 78,190 ആണ്. 573 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
24 മണിക്കൂറിനിടെ 6,960 പേര്‍ സുഖം പ്രാപിക്കുകയും 434 പേര്‍ മരിക്കുകയും ചെയ്തു. 3,42,08,926 പേരാണ് ഇതിവരെ രോഗമുക്തി നേടിയത്. മരണസംഖ്യ 4,78,759 ആയി വര്‍ധിച്ചു.
രാജ്യത്ത് ആക്ടീവ് കേസുകള്‍ മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. നിലവില്‍ 0.24 ശതമാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
65 കേസുകളുള്ള മഹാരാഷ്ട്രയിലാണ് പുതിയ ഒമിക്രോണ്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹി (64), തെലങ്കാന (24), രാജസ്ഥാന്‍ (21), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (14) എന്നിവയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
ഒമിക്രോണ്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.