Sorry, you need to enable JavaScript to visit this website.

ഷാന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ- ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി അഖിലാണ് പിടിയിലായത്. പ്രതികളെ ആംബുലന്‍സില്‍ എത്തി രക്ഷപ്പെടുത്തിയത് അഖിലാണെന്നാണ് സംശയിക്കുന്നത്. അഖിലടക്കം മൂന്ന് പേരാണ് ഇത് വരെ ഷാന്‍ കൊലക്കേസില്‍ പിടിയിലായത്.
ഇരട്ടക്കൊലപാതകങ്ങള്‍ കഴിഞ്ഞ് നാല് നാളായിട്ടും കൊലയാളി സംഘത്തെ പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല. ജില്ലയ്ക്ക് പുറത്തേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ബിജെപി നേതാവിനെ വധിച്ചകേസില്‍ പിടിയിലായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഷാന്‍ വധത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ചുപേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴുപ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ടു കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്ന് എഡിജിപി പറഞ്ഞു
അറസ്റ്റിലായ അഞ്ചു എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അടുത്തദിവസം തന്നെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഷാന്‍ വധത്തില്‍ പിടിയിലായ ആര്‍എസ്എസുകാരെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും.
കൊലയാളി സംഘങ്ങളെതേടി നാനൂറോളം വീടുകളില്‍ അന്വേഷണ സംഘങ്ങള്‍ ഇതിനകം പരിശോധന നടത്തി.
 

Latest News