Sorry, you need to enable JavaScript to visit this website.

സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല -പ്രശാന്ത് ഭൂഷൻ


കണ്ണൂർ- കേരള സർക്കാർ നടപ്പാക്കാൻ പോകുന്ന സിൽവർ ലൈൻ പദ്ധതി ഏത് രീതിയിൽ വിലയിരുത്തിയാലും പ്രായോഗികമല്ലെന്നും പരിസ്ഥിതിയെ മുച്ചൂടും മുടിക്കുന്ന ഈ പദ്ധതിക്ക് പിന്നിൽ ഭൂമാഫിയയുടെയും വിദേശ കരാറുകളുടെയും നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പ്രളയങ്ങളിലൂടെ വൻ ഭീഷണികൾ ഉയർന്ന കേരളത്തിലാണ് യാതൊരു വിധത്തിലുള്ള പഠനവും നടത്താതെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ പരിസ്ഥിതിയെ മാത്രമല്ല, സാമ്പത്തിക സ്ഥിതിയെത്തന്നെ തകർക്കുന്നതാണ് പദ്ധതി. ഒരു ലക്ഷം കോടി രൂപ വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിയിൽ പ്രതിവർഷം 5000 കോടിയെങ്കിലും പലിശ ഇനത്തിൽ തന്നെ നൽകേണ്ടി വരും. നിലവിലുള്ള റെയിൽവേ ലൈനിൽനിന്ന് മാറി പുതിയ സ്ഥലത്ത് പുതിയ ഗേജിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിട്ര എന്ന കമ്പനി ആദ്യം നൽകിയ നിർദേശം നിലവിലുള്ള പാതയുടെ സമീപത്തായി 150 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താവുന്ന പുതിയ പാത നിർമിക്കാമെന്നായിരുന്നു. എന്നാൽ ഈ നിർദേശം അട്ടിമറിച്ചാണ് പുതിയ സ്റ്റാൻഡേർഡ് ലൈൻ എന്ന തീരുമാനത്തിലെത്തിയത്. ഈ രംഗത്ത് ദീർഘകാല അനുഭവസമ്പത്തുള്ള അലോക് വർമ്മയും ഇ. ശ്രീധരനും ഉൾപ്പെടെയുള്ളവർ പാത പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ടതാണ്. പാരിസ്ഥിതികമായും, സാമ്പത്തികമായും കേരളത്തെ തകർക്കുന്ന ഇത്തരമൊരു പദ്ധതി പുരോഗമന നിലപാടുള്ള ഒരു സർക്കാരിന് എങ്ങിനെ നടപ്പാക്കാനാവുമെന്ന് പ്രശാന്ത് ഭൂഷൻ ചോദിച്ചു.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് തന്നെ മാതൃകയായ ഒരു സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വർധിച്ചു വരുന്നുവെന്നത് ഗൗരവമായി കാണണം. കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കയാണ്. മാത്രമല്ല, കൊലപാതകങ്ങൾ വർഗീയ നിലയിലേക്ക് മാറുകയാണ്. ഇത് വളരെ അപകടകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണം -പ്രശാന്ത് ഭൂഷൻ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് വൻ പരാജയമാണെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു. നീതിയുക്തമായി തെരഞ്ഞെടുപ്പു നടന്നാൽ ബി.ജെ.പി നിലം തൊടില്ല. അവിടെ വോട്ടർമാരെ സ്വാധീനിക്കാൻ പണം മുതൽ മദ്യം വരെ ഒഴുക്കുകയാണ്. രാജ്യത്ത് ജനാധിപത്യ വ്യവസ്ഥിതി തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ മുതൽ അന്വേഷണ ഏജൻസികൾ വരെയുള്ള മുഴുവൻ സംവിധാനങ്ങളേയും രാഷ്ട്രീയവൽക്കരിച്ചിരിക്കയാണ്. ജുഡീഷ്യറി പോലും കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തികളായി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജുഡീഷ്യറിയുടെ അവസ്ഥ പരിതാപകരമാണ്. രാജ്യത്തിന്റെ പൊതു സ്വത്ത് ഉപയോഗിച്ച് മോദി മതപരമായ പദ്ധതികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണ്. എതിർക്കുന്നവരെ മുഴുവൻ നിശബ്ദരാക്കുന്ന നിലപാടാണ് മോദി സർക്കാർ കൈക്കൊള്ളുന്നത്. മാധ്യമങ്ങളെയടക്കം നിശബ്ദരാക്കിക്കഴിഞ്ഞു. പാർലമെന്റിനകത്ത് എതിർക്കുന്നവരെ സസ്‌പെന്റു ചെയ്യുന്നു.-പ്രശാന്ത് ഭൂഷൻ പറഞ്ഞു.
കോവിഡ് വാക്‌സിനേഷൻ വിഷയത്തിൽ ഭരണകൂടങ്ങൾ പൊതുസമൂഹത്തെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുകയാണ്. വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ ആർക്കെങ്കിലുമെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിയെടുക്കുന്നത് നിയമ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഇതു വരെ ഫലപ്രാപ്തി പോലും കൃത്യമായി നിർണയിക്കാത്ത വാക്‌സിൻ നിർബന്ധമാക്കാൻ സാധിക്കില്ല. കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ജനങ്ങളെ അനാവശ്യ ഭീതിയിലാഴ്ത്തുകയാണെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.

Latest News