ലണ്ടന്‍- കോവിഡില്‍നിന്ന് കരകയറി എന്നാശ്വസിച്ച ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തി ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ബ്രിട്ടനിലും ഡെന്മാര്ക്കിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മാത്രം 15,000 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയായി ആകെ 106 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ബ്രിട്ടനില്‍ 60,508 ആണ് അവസാനമായി പുറത്തുവന്ന കണക്ക്. രണ്ടാം സ്ഥാനത്തുള്ള ഡെന്മാര്ക്കില് 26,362 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോര്‍വേ(3,871), കാനഡ(3,402), യുഎസ്(1,781) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങള്‍. ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ 1,444 പേര്‍ക്കാണ് ഇതുവരെയായി കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, ഒമിക്രോണ്‍ ബാധിച്ചവരില്‍ 16 പേര് മാത്രമേ ഇതുവരെ മരിച്ചിട്ടുള്ളു എന്നത് ആശ്വാസകരമാണ്.