സാമുദായിക കലാപം ലക്ഷ്യമിട്ട് വാട്‌സാപ്പിലൂടെ സന്ദേശം, പ്രവാസി യുവാവിനെതിരെ കേസ്

കണ്ണൂർ - സാമുദായിക കലാപം ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച പ്രവാസിയായ കൊളച്ചേരി സ്വദേശിക്കെതിരേ പോലിസ് കേസെടുത്തു. ഗൾഫിൽ ജോലി ചെയ്യുന്ന കൊളച്ചേരി ജുമാ മസ്ജിദിന് സമീപത്തെ റൗഫിനെതിരെയാണ് മയ്യിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ജാതി - മത രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും ഒത്തൊരുമയിൽ നിലവിലുള്ള പാട്ടയം വാട്‌സ്അപ്പ് ഗ്രൂപ്പിലാണ് നാട്ടിൽ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ ഗൾഫിലെ ജോലി സ്ഥലത്ത് നിന്നും ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രകോപനപരവും സാമൂഹിക സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ വാട്‌സ്അപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വാട്‌സ്അപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ സ്‌ക്രീൻ ഷോട്ട് സഹിതം പോലിസിൽ വിവരമറിയിച്ചു. തുടർന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കലാപത്തിന് നീക്കം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിക്ക് പോലിസ് നീക്കം തുടങ്ങി. ഗ്രൂപ്പ് അഡ്മിൻമാർക്കെതിരേയും കേസെടുക്കുമെന്നാണ് സൂചന.
 

Latest News