ന്യൂദൽഹി- പാർലമെന്റ് ശീതകാല സമ്മേളനം മുൻകൂട്ടി നിശ്ചയിച്ചതിനും ഒരു ദിവസം മുൻപേ അവസാനിച്ചു. പത്തു പുതിയ ബില്ലുകൾ ശീതകാല സമ്മേളനത്തിൽ പാസാക്കി. രാജ്യസഭ എംപിമാരുടെ സസ്‌പെൻഷൻ അടക്കമുള്ള വിഷയങ്ങളിൽ ഭരണകക്ഷികളും പ്രതിപക്ഷവുമായുള്ള നിരന്തര സംഘർഷങ്ങൾക്ക് പാർലമെന്റ് വേദിയായി. സമ്മേളനത്തിന്റെ ഒന്നാം ദിവസം തന്നെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരു സഭകളിലും പാസായി.
വർഷകാല സമ്മേളനത്തിൽ സഭ നടപടികൾ തടസപെടുത്തിയെന്ന് ആരോപിച്ച് കോൺഗ്രസ്, ശിവസേന, സി.പി.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള 12 രാജ്യസഭ എം.പിമാരെ ആദ്യ ദിവസം തന്നെ സസ്‌പെന്റ് ചെയ്തു. സഭാനടപടികൾ തടസപെടുത്തിയതിന് പ്രതിപക്ഷ എം.പിമാർ മാപ്പു പറയണമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ എം. വെങ്കയ്യ നായിഡു ആവശ്യപെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തതിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പറഞ്ഞ പ്രതിപക്ഷം സമ്മേളനം അവസാനിക്കുന്നത് വരെ സമരം തുടർന്നു. ഇതിന് പുറമേ ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപെട്ടും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.
നവംബർ 29 മുതൽ ഡിസംബർ 22 വരെ നീണ്ടു നിന്ന ശീതകാല സമ്മേളനത്തിൽ 18 തവണ സമ്മേളിച്ച രാജ്യസഭയിൽ പകുതിയിൽ ഏറെ സമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെയ്‌ക്കേണ്ടി വന്നതിൽ രാജ്യസഭ അദ്ധ്യക്ഷൻ എം വെങ്കയ്യ നായിഡു അതൃപ്തി പ്രകടിപ്പിച്ചു. ആകെ സമ്മേളിച്ച 46 മണിക്കൂറിൽ 22 മണിക്കൂർ മാത്രമാണ് നിയമ നിർമാണത്തിന് വേണ്ടി ചിലവഴിച്ചത്. 83 മണിക്കൂറുകൾക്ക് മുകളിൽ ചേർന്ന ലോക്‌സഭയിൽ വെറും 27 മണിക്കൂർ മാത്രമാണ് നിയമ നിർമാണത്തിനും അതിനെ തുടർന്നുള്ള ചർച്ചക്കും വേണ്ടി ചിലവഴിച്ചത്. വിവാദ കാർഷിക നിയമങ്ങൾ പോലും വെറും രണ്ടു മിനിറ്റിനുള്ളിൽ ലോകസഭയിലും എട്ടു മിനിറ്റിനുള്ളിൽ രാജ്യസഭയിലും പാസാക്കി.
ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണബില്ലാണ് ഈ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ ഏറ്റവും അധികം സമയം ചർച്ച ചെയ്തത്. ഒൻപതു മണിക്കൂർ നീണ്ടു നിന്ന ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയത്. കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപെട്ട പ്രത്യുൽപാദന സാങ്കേതിക സഹായ വിദ്യ നിയന്ത്രണ ബിൽ, രാജ്യത്തെ ചെറുതും വലുതുമായ 5000ൽ അധികം അണകെട്ടുകളെ ദേശീയ തലത്തിൽ രൂപികരിക്കുന്ന ഡാം സുരക്ഷ അഥോറിറ്റിക്ക് കീഴിലാക്കുന്ന ഡാം സുരക്ഷ ബിൽ എന്നിവയും താരതമ്യേന നീണ്ട ചർച്ചകൾക്ക് വിധേയമായി. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ വെറും 26 മിനിറ്റിനുള്ളിലാണ് പാസാക്കിയത്. ഇതിനു പുറമേ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, നാഷണൽ ആന്റി ഡോപിംഗ് ബിൽ എന്നിവയും ലോക്‌സഭയിൽ അവതരിപ്പിച്ചു.






