സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സാഹസികമായി രക്ഷിച്ചു (video)

തിരുവനന്തപുരം- മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ലയണ്‍സ് പാര്‍ക്ക് എന്ന തുറന്ന കൂട്ടിലേക്ക് ഒറ്റപ്പാലം സ്വദേശി മുരുകന്‍ കയറിയത്. തിരുവനന്തപുരം മൃഗശാലയില്‍ തന്നെ ജനിച്ചു വളര്‍ന്ന ഗ്രേസിയെന്ന രണ്ടര വയസുകാരി സിംഹക്കുട്ടിയുടെ മടയിലേക്കാണ് മുരുകന്‍ ചെന്നെത്തിയത്.
സന്ദര്‍ശകര്‍ അകത്തു കടക്കാതിരിക്കാനായി തീര്‍ത്ത കിടങ്ങും മുളവേലിയും ചാടിക്കടന്നാണ് മുരുകന്‍ സിംഹക്കൂട്ടില്‍ എത്തിയത്. പതിനഞ്ചടിയോളം താഴ്ചയുള്ള കിടങ്ങിലേയ്ക്കുള്ള ചാട്ടത്തില്‍ തന്നെ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ പിന്നീട് മുട്ടുകാലില്‍ ഇഴഞ്ഞാണ് സിംഹത്തിന്റെ അടുക്കലേക്ക് പോയത്. രാവിലെ ആയതിനാല്‍ മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ കുറവായിരുന്നു. കൂടുകള്‍ വൃത്തിയാക്കുന്ന സമയമായതിനാല്‍ സിംഹക്കൂടിന്റെ പരിസര പ്രദേശങ്ങളില്‍ തന്നെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത്  രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായകമായി.
ഇയാള്‍ കൂട്ടിലേക്ക് ചാടുന്നത് കണ്ട മറ്റു സന്ദര്‍ശകര്‍ ബഹളം കൂട്ടിയപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാരെത്തി വയര്‍ലെസ് സംവിധാനം വഴി കൂടുതല്‍ മൃഗശാലാ ജീവനക്കാരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ജീവനക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ 'നിങ്ങള്‍ പേടിക്കേണ്ട, എനിക്ക് അറിയുന്നതാ സിംഹത്തെ, കൊണ്ടു പോകാന്‍ വന്നതാണ് എന്നൊക്കെയാണ് മുരുകന്‍ പറഞ്ഞത്.
പതിനഞ്ചോളം ജീവനക്കാരാണ് മുരുകനെ രക്ഷപ്പെടുത്താനായി കൂട്ടിലേക്ക് ഇറങ്ങിയത്. നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന മുരുകനെ താങ്ങിയെടുത്താണ് ഇവര്‍ പുറത്തെത്തിച്ചത്. രാജീവ്, മധു, അരുണ്‍, കിരണ്‍, ബിജു, ഉദയലാല്‍, ഹര്‍ഷാദ്, ഷൈജു, രതീഷ്, സജീവ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്. മൃഗശാലാ ജീവനക്കാരുടെ സന്ദര്‍ ഭോചിതമായ ഇടപെടലാണ് ഇയാളെ രക്ഷിക്കാന്‍ സഹായകമായത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചു.
രാവിലെ കൂട് വൃത്തിയാക്കാനായി ആണ്‍സിംഹം ആഷിഖിനെ മാറ്റിയത് ഭാഗ്യമായെന്ന് മൃഗശാല ജീവനക്കാര്‍ പറഞ്ഞു. ആക്രമണ സ്വഭാവം കാണിക്കാത്തത് കൊണ്ട് ഗ്രേസിയുടെ കൂട്ടിലേക്ക് ഇറങ്ങി മുരുകനെ രക്ഷിക്കാന്‍ ഭയം ഉണ്ടായിരുന്നില്ല. ജീവന്‍ പോയാലും സന്ദര്‍ശകര്‍ക്ക് അപകടമുണ്ടാകരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
ലയണ്‍സ് പാര്‍ക്കിലെ തുറന്ന കൂട്ടില്‍ പൊതുവേ മറ്റു സിംഹങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍, അഞ്ചു വയസുകാരനായ ആഷിഖ് തൊട്ടടുത്ത കൂട്ടിലായിരുന്നു. ഈ പാര്‍ക്കില്‍ ആഷിഖ് ആയിരുന്നെങ്കില്‍ കാര്യം വ്യത്യസ്തമായേനെയെന്നും ജീവനക്കാര്‍ പറഞ്ഞു. കൂട്ടിലേക്ക് ഒരാള്‍ ചാടുന്നത് കണ്ട ഗ്രേസി അയാളില്‍ നിന്ന് പരമാവധി അകലം പാലിക്കുകയാണ് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഒറ്റപ്പാലം സ്വദേശിയായ മുരുകനെ കാണാനില്ലെന്ന് ഇന്നലെ പത്രങ്ങളില്‍ പരസ്യമുണ്ടായിരുന്നു. യുവാവ് തിരുവനന്തപുരത്തുണ്ടെന്ന സൂചനയും ലഭിച്ചിരുന്നു. ഇതിനിടെയാണ് യുവാവ് മൃഗശാലയിലെത്തി സിംഹക്കൂട്ടില്‍ കയറിയത്. ജീവന്‍ പണയപ്പെടുത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ച ജീവനക്കാരെ മന്ത്രി കെ. രാജു നേരിട്ടെത്തി  ആയിരം രൂപ വീതം പാരിതോഷികവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചു. ഒരു ജീവന്‍ രക്ഷിക്കുക എന്നത് വലിയ കാര്യമാണെന്നും മൃഗശാലാ ജീവനക്കാരുടെ ഉചിതമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

Latest News