പ്രണയത്തിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂരമര്‍ദനം

പാലക്കാട്- പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് മര്‍ദനമേറ്റത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് കുടുംബം പറയുന്നു.

ഇരുമ്പുകട്ട കൊണ്ട് മര്‍ദനമേറ്റ അഫ്‌സല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍ഡില്‍നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടികൊണ്ടുപോയത്. അട്ടപ്പാടിയിലെത്തുന്നതു വരെ മര്‍ദിച്ച സംഘം ബോധം പോയതോടെ മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചതാണെന്നും ബന്ധുക്കള്‍ പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നാണ് അഫ്‌സലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഫ്‌സലിനെ കാറില്‍ കയറ്റികൊണ്ടുപോകുന്നത് സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

 

Latest News