ന്യൂദല്‍ഹി- ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 200 പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇതു തടയുന്നതിനുള്ള മുന്‍കരുതലുകളെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഒമിക്രോണ്‍ പ്രതിരോധത്തിനായി വാര്‍ റൂമുകള്‍ വീണ്ടും തുറക്കാനും പരിശോധന വിപുലപ്പെടുത്താനും ഓക്‌സിജന്‍ ലഭ്യത ഉള്‍പ്പെടെയുള്ള ആശുപത്രി സംവിധാനങ്ങള്‍ തയാറാക്കാനുമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍. ആവശ്യമായി വന്നാല്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും ആളുകള്‍ ഒത്തുചേരുന്നത് വിലക്കുന്നതും പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആയി ഉയരുകയോ, അല്ലെങ്കില്‍ ഓക്‌സിജന്‍ ലഭ്യമായ ആശുപത്രി കിടക്കളിലും ഐസിയുകളിലും 40 ശമതാനം രോഗികള്ഡ നിറയുകയും ചെയ്ത സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ പരിധികളിലെത്തുന്നതിനു മുമ്പ് തന്നെ വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാം.
ഇതു സംബന്ധിച്ച തീരുമാനങ്ങളില്‍ കാലതാമസം ഉണ്ടാകരുതെന്നും നിയന്ത്രണങ്ങള്‍ കോവിഡിനെ തടയുന്നതില്‍ മാത്രം കേന്ദ്രീകരിച്ചാകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. ഒമിക്രോണ്‍ കണ്ടെത്താന്‍ വീടുകള്‍ തോറുമുള്ള പരിശോധനയും എല്ലാ കോവിഡ് രോഗികളുടേയും സമ്പര്‍ക്ക പട്ടിക തയാറാക്കലും വേണ്ടി വന്നേക്കും. 100 ശതമാനം വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മെഡിക്കല്‍ സൗകര്യങ്ങള്‍, ആശുപത്രി കിടക്കകള്‍, ആംബുലന്‍സുകള്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ അടിയന്തര ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.