Sorry, you need to enable JavaScript to visit this website.

വിവാഹ പ്രായം ഉയര്‍ത്തുന്ന ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിട്ടു

ന്യൂദല്‍ഹി- സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസാക്കി ഉയര്‍ത്തുന്നതിനുള്ള ബില്ല്
സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷം ഉയര്‍ത്തിയ രൂക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബില്‍ 2021 അവതരിപ്പിച്ചത്.
നാടകീയമായി ബില്ല് അവതരിപ്പിച്ചതിനൊപ്പം തന്നെ സര്‍ക്കാരിന് വേണ്ടി ഈ ബില്ല്് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണം എന്നതു തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം.
രാജ്യത്ത് സ്ത്രീ-പുരുഷ സമത്വം വിവാഹ പ്രായത്തിന്റെ കാര്യത്തിലും അനിവാര്യമാണ്. വിവിധ വിശ്വാസ പ്രകാരമുള്ള വ്യത്യസ്ത വിവാഹ നിയമങ്ങളും ഇതോടൊപ്പം മാറുമെന്നും മന്ത്രി പറഞ്ഞു. ബില്ലിനെ അനുകൂലിക്കുന്ന സഭയിലെ എല്ലാ പുരുഷ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. എതിര്‍ക്കുന്നവര്‍ ആരാണെന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നു. ഈ ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നു വ്യക്തമാക്കിയാണ് സ്മൃതി ഇറാനി പ്രസംഗം അവസാനിപ്പിച്ചത്.  
    അപ്രതീക്ഷിതമായാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സഭയുടെ കാര്യപരിപാടികളില്‍ ബില്ലവതരണം ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് അനുബന്ധ പരിപാടികളില്‍ ഇതും ഉള്‍പ്പെടുത്തി. ഉച്ചയ്ക്കു മുന്‍പായാണ് ബില്ലിന്റെ പകര്‍പ്പുകള്‍ എംപിമാര്‍ക്ക് നല്‍കിയത്. സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. ബഹളം രൂക്ഷമായതോടെ ലോക്‌സഭ  പിരിഞ്ഞു. കൂടിയാലോചനയില്ലാതെയാണ് സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.  
    2006ലെ ബാലവിവാഹ നിയമ ഭേദഗതിയിലൂടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അടക്കം വ്യക്തി നിയമങ്ങളിലും ഒരുമിച്ചു മാറ്റമുണ്ടാകും. ഓരോ വ്യക്തിനിയമങ്ങളിലും പ്രത്യേകം ഭേദഗതി വരുത്തുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇതെല്ലാം ഒറ്റ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചത്. വ്യക്തിനിയമങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 എന്നു പരാമര്‍ശിക്കുന്ന ഭാഗം ഭേദഗതിയിലൂടെ 21 വയസ് എന്നാകും.
    1929ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിന് പകരമാണ് 2006ല്‍ ശൈശവ വിവാഹ നിരോധന നിയമം കൊണ്ടു വന്നത്. എന്നാല്‍, ശൈശവ വിവാഹം രാജ്യത്ത് ഇനിയും പൂര്‍ണമായി നിരോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി അനിവാര്യമാണ്. വനിതകളുടെ ശാരീരികവും മാനസികവും പ്രത്യുത്പാദന ആരോഗ്യ പുരോഗതിയും കൈവരിക്കാതെ ഒരിക്കലും പുരോഗമനം അവകാശപ്പെടാനാകില്ല. സ്‌പെഷ്യല്‍ മാര്യേജ് നിയമം അടക്കം വ്യക്തി നിയമങ്ങളിലും വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ ഒരു ഏകീകൃത മാനദണ്ഡമില്ലെന്നും ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു.
    
    
    * മാറ്റം വരുന്ന വ്യക്തിനിയമങ്ങള്‍.

    1. 1872ലെ ക്രിസ്ത്യന്‍ വിവാഹ നിയമം.
    2. 1936ലെ പാഴ്‌സി വിവാഹ/വിവാഹ മോചന നിയമം.
    3. 1954ലെ സ്പഷ്യല്‍ മാര്യേജ് ആക്ട്.
    4. 1955ലെ ഹിന്ദു വിവാഹ നിയമം.
    5. 1956ലെ ഹിന്ദു രക്ഷകര്‍തൃ നിയമം.
    6. 1956ലെ ഹിന്ദു ദത്തെടുക്കല്‍/പരിപാലന നിയമം   .
    7. 1969ലെ ഫോറിന്‍ മാര്യേജ് ആക്ട്.
    

 

Latest News