Sorry, you need to enable JavaScript to visit this website.

'മാണിക്യ മലരി'നെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂദൽഹി- ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന മാപ്പിളപ്പാട്ട് ഉൾപ്പെടുത്തിയതിനെ ചൊല്ലി നടി പ്രിയ വാര്യർക്കും സംവിധായകൻ ഉമർ ലുലുവിനുമെതിരെ ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത കേസും മഹാരാഷ്ട്രയിലെ ക്രിമിനൽ നടപടികളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇരു സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച കോടതി സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ കേസെടുക്കുന്നതിൽനിന്ന് മറ്റു സംസ്ഥാനങ്ങളെ വിലക്കുകയും ചെയ്തു. കേസിനെതിരെ പ്രിയയും ഉമറും സമർപ്പിച്ച ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിൻ എ എം ഖൻവിൽക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്. ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ച് അടിയന്തരമായി ഇന്നു പരിഗണിച്ച ഹർജിയിൽ വിശദമായ വാദം കേൾക്കൽ പിന്നീട് തുടരും. 

മാണിക്യ മലരായ പൂവി എന്ന പഴയ മാപ്പിളപ്പാട്ടിലെ വരികൾ മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളും മൂംബൈയിലെ ഒരു സംഘനയുമാണ് രംഗത്തു വന്നത്. ഹൈദരാബാദിലെ ഫലക്‌നുമ പോലീസാണ് നടി പ്രിയയ്‌ക്കെതിരെ കേസെടുത്തത്. മുംബൈയിൽ പോലീസ് ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് സിനിമാ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചത്.   

Latest News