ഗണേഷ് ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നു; കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നു; ഉഷ മോഹന്‍ദാസ് അധ്യക്ഷ

കൊച്ചി-ആര്‍ ബാലകൃഷ്ണപിള്ള രൂപം നല്‍കിയ കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ സഹോദരി ഉഷ മോഹന്‍ദാസിനെ കൊച്ചിയില്‍ ചേര്‍ന്ന ഒരു വിഭാഗം നേതാക്കളുടെ യോഗത്തില്‍ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു.

ഏകാധിപതിയെ പോലെയാണ് ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് യോഗം ചേര്‍ന്നവരുടെ പ്രധാന ആക്ഷേപം. പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ചുള്ള നിയമാനുസൃതമായ ജനറല്‍ബോഡിയോഗം ചേര്‍ന്നാണ് ഉഷ മോഹന്‍ദാസിനെ അധ്യക്ഷയായി തെരഞ്ഞെടുത്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി.സംസ്ഥാന സമിതിയിലെ 88ല്‍ അധികം പേരുടെ പിന്തുണയുണ്ടൈന്നും അതുകൊണ്ടുതന്നെ ഔദ്യോഗിക പക്ഷം തങ്ങളാണെന്നുമാണ് യോഗം ചേര്‍ന്നവര്‍ വ്യക്തമാക്കുന്നത്. യോഗത്തിന്റെ തീരുമാനങ്ങള്‍ എല്‍ഡിഎഫിനെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു.
അതേ സമയം കഴിവുള്ള എം എല്‍ എയാണ് അദ്ദേഹമെന്നും  ചെയ്യേണ്ട കടമകള്‍ ഗണേഷ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. ഒരു ജനകീയനാകുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാന്‍ സാധിക്കില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഗണേഷ് കുമാര്‍ പാര്‍ട്ടിയുടെ എം എല്‍ എയായി തുടരും. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വര്‍ക്കിങ് ചെയര്‍മാനും മുന്‍ എം എല്‍ എയുമായ എം കെ  മണിയും വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള മരണപ്പെട്ടതിന് പിന്നാലെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഗണേഷ്‌കുമാര്‍ തയാറായിരുന്നില്ലെന്നാണ് ഇവരുടെ പരാതി. കൊവിഡ് ആയിരുന്നതിനാല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നില്ല. തല്‍ക്കാലത്തേക്കു ഗണേഷിന് ചുമതല നല്‍കിയിരുന്നു. എന്നാല്‍, ഏകപക്ഷീയമായി അദ്ദേഹം നീങ്ങുന്നുവെന്നും ഇവര്‍ ആറോപിക്കുന്നു. മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍സ് എന്നീ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് നല്‍കിയെങ്കിലും അതിന്റെ തലപ്പത്തെ നിയമനങ്ങള്‍ സംബന്ധിച്ചും പാര്‍ട്ടി തല ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും നേരത്തെ പരാതിയുണ്ടായിരുന്നു.

 

 

Latest News