ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മകള്‍, നുണപരിശോധനക്ക് തയാറെന്ന് പിതാവ്, അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കണ്ണൂര്‍- പോക്‌സോ കേസില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രതിയാക്കപ്പെട്ടയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മകളെ നിരന്തരം പീഡിപ്പിച്ചെന്നാരോപിച്ച് പിതാവിനെതിരെ കേസെടുത്ത സംഭവത്തിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.    
പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
പിതാവ് സ്ഥിരമായി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും അതിക്രമം സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്നിറങ്ങിയ താന്‍ മാതൃസഹോദരിയുടെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും കാണിച്ച് മകള്‍ നല്‍കിയ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്.
തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ച ഇയാള്‍ മറ്റുള്ളവരോട് ചങ്ങാത്തം കൂടാന്‍ പാടില്ലെന്ന് ഭാര്യയുടെ നിര്‍ദ്ദേശം നിരാകരിച്ചതിന്റെ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. ഭാര്യാസഹോദരന്റെ പ്രേ ൃരണയിലാണ് ഭാര്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഹൈക്കോടതിയില്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ഭാര്യയെക്കൂടി നുണ പരിശോധന നടത്തണമെന്നും പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം പരാതി നല്‍കിയ മകളുമായി സംഭവത്തിന് രണ്ട് നാള്‍ മുമ്പ് തളിപ്പറമ്പിലെ വസ്ത്ര സ്ഥാപനത്തില്‍ പോയതിന്റെ തെളിവുകളും ഫോട്ടോകളും പ്രതി കോടതിയില്‍ ഹാജരാക്കി. നുണപരിശോധന നടത്താന്‍ തയ്യാറല്ലെന്ന് ഭാര്യ പറഞ്ഞതോടെ കേസില്‍ അവരെയും എതിര്‍കക്ഷിയാക്കണമെന്ന് പ്രതിഭാഗം വാദിച്ചു . തുടര്‍ന്നാണ് പിതാവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായത്.
പോക്‌സോ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് പിതാവ്. പ്രതിഭാഗത്തിന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഐ.വി.പ്രമോദാണ് ഹൈക്കോടതിയില്‍ ഹാജരായത്.

 

Latest News