ജിദ്ദ-സൗദിയിൽ കൂടുതൽ കോവിഡ് രോഗികൾ റിയാദിൽ. 77 പേർക്കാണ് റിയാദിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം കണ്ടെത്തിയത്. ജിദ്ദയാണ് തൊട്ടുപിറകിൽ. 38 പേർക്ക് ജിദ്ദയിൽ രോഗം കണ്ടെത്തി. മക്കയിൽ 26, ദമാമിൽ 19 എന്നിങ്ങനെയും രോഗികളുണ്ട്. ഹുഫൂഫ് 12, മദീന, തായിഫ് എന്നിവടങ്ങളിൽ നാലു വീതവും അല് മുബാറസിൽ മൂന്നുംപേർക്ക് രോഗം ബാധിച്ചു. തബൂക്ക്, അബഹ, അൽ കുബാർ, ദവാദ്മി, യാമ്പു, ഖതീഫ്, അൽ ഉല, വാദി ദവാസിർ എന്നിവടങ്ങളിൽ രണ്ടു പേർക്ക് വീതവും പുതുതായി രോഗം കണ്ടെത്തി. മറ്റു നഗരങ്ങളിലെല്ലാം പുതുതായി ഓരോ രോഗികളാണുള്ളത്.
റിയാദിൽ 42 പേർ രോഗമുക്തി നേടിയപ്പോൾ ജിദ്ദയിൽ 26ഉം മദീനയിൽ നാലും മക്ക, തായിഫ്, ദഹ്‌റാൻ എന്നിവടങ്ങളിൽ മൂന്നു പേർക്കും രോഗമുക്തിയുണ്ടായി. ബുറൈദ, ദമാം, ഉനൈസ, ഖത്തീഫ് എന്നിവടങ്ങളിൽ രണ്ടു പേരുടെ രോഗം ഭേദമായി.
അതിനിടെ, ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ സൗദി തീരുമാനിച്ചു. ഇന്നലെ മുതൽ ബൂസ്റ്റർ ഡോസ് എല്ലാവർക്കും ലഭ്യമാകുന്നുണ്ട്. ജിദ്ദയിലെ വിവിധ സെന്ററുകളിൽഇന്ന് ബൂസ്റ്റർ ഡോസ് എടുക്കാനെത്തിയവരുടെ തിരക്കായിരുന്നു.
സൗദിയിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായവിഭാഗത്തിൽ പെട്ട കുട്ടികൾക്ക് കൊറോണ വാക്‌സിൻ വിതരണത്തിന് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടു. ഈ പ്രായവിഭാഗത്തിൽ പെട്ട കുട്ടികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയും വൈറസ് വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നും സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുമാണ് വാക്‌സിൻ നൽകുന്നത്.






