പിന്‍എബി തട്ടിപ്പ്: വിപുല്‍ അംബാനിയടക്കം  അഞ്ച് പേര്‍ സി.ബി.ഐ അറസ്റ്റില്‍ 

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് രത്‌ന വ്യവസായി നീരവ് മോഡി 11,400 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ ബന്ധുവും നീരവ് മോഡി കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനുമായ വിപുല്‍ അംബാനി അടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഈ തട്ടിപ്പുമായി അംബാനി സഹോദരന്‍മാര്‍ക്കോ അവരുടെ കമ്പനികള്‍ക്കോ ബന്ധമുണ്ടോ എന്ന കാര്യ സിബിഐ വെളിപ്പെടുത്തിയിട്ടില്ല. നീരവ് മോഡിയുടെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ധനകാര്യ പ്രസിഡന്റാണ് വിപുല്‍ അംബാനി. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് കവിത മന്‍കികര്‍, സീനിയര്‍ എക്സിക്യുട്ടീവ് അര്‍ജുന്‍ പാട്ടീല്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കപില്‍ ഖണ്ഡേല്‍വാള്‍ എന്നിവരാണ് വിപുലിനെ കൂടാതെ അറസ്റ്റിലായ മോഡി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍. 

ഇവരെ കൂടാതെ പിഎന്‍ബി ഉന്നത ഉദ്യോഗസ്ഥനായ രാജേഷ് ജിന്‍ഡാലിനേയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. തട്ടിപ്പു നടന്ന പിഎന്‍ബി ബ്രാഡി ഹൗസ് ശാഖയിലെ മുന്‍ മേധാവിയായിരുന്നു ജിന്‍ഡാല്‍. സിബിഐ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച മുതല്‍ വിപുല്‍ അംബാനിയെ ചോദ്യം ചെയ്തു വരികയായിരുന്നു. അന്വേഷണ സംഘത്തോട് സഹകരിക്കാതെ ആയപ്പോഴാണ് ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. 

Latest News