നാല് ദിവസത്തെ സന്ദര്‍ശനത്തിനായി  രാഷ്ട്രപതി കേരളത്തിലെത്തി

കണ്ണൂര്‍- നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്. ഉച്ചയ്ക്ക് 12.35 ഓടെയാണ് വ്യോമസേനാ വിമാനത്തില്‍ രാഷ്ട്രപതി മട്ടന്നൂരില്‍ ഇറങ്ങിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഇന്ത്യന്‍ നാവിക അക്കാദമി റിയര്‍ അഡ്മിറല്‍ എ.എന്‍.പ്രമോദ്, ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്ക് ഒപ്പമാണ് രാഷ്ട്രപതി എത്തിയത്.
തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം.വി.ഗോവിന്ദന്‍ എന്നിവര്‍ രാഷ്ട്രപതിക്കൊപ്പം പെരിയയിലേക്ക് പോയി. ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും.
 

Latest News