ഇന്ത്യന്‍ രൂപയുടെ നില പരുങ്ങലില്‍; പ്രവാസികള്‍ക്കിത് മികച്ച സമയം

മുംബൈ- ഓഹരി വിപണിയിലെ വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ പുറത്തേക്കൊഴുകിയതോടെ ഇന്ത്യന്‍ രൂപയുടെ നില പരുങ്ങലിലായി. ഏഷ്യയിലെ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യന്‍ രൂപയുടേത്. ആഗോള ഫണ്ടുകള്‍ 400 കോടി ഡോളര്‍ മൂലധനമാണ് ഇന്ത്യയില്‍ നിന്ന് പുറത്തു കൊണ്ടു പോയത്. ഇതോടെ ഈ പാദത്തില്‍ രൂപയുടെ മൂല്യത്തില്‍ 2.2 ശതമാനമാണ് ഇടിവുണ്ടായത്. ആഗോള നിക്ഷേപ, ബാങ്കിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്‌സ്, നൊമുറ ഹോള്‍ഡിങ് എന്നിവര്‍ ഓഹരികളുടെ ഭാവിമൂല്യം കുറച്ചതിനെ തുടര്‍ന്നാണ് വിദേശ ഫണ്ടുകള്‍ തിരിച്ചൊഴുകിയത്. ഒമിക്രോണ്‍ വ്യാപന ഭീഷണി ആഗോള വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്ന വേളയിലും വന്‍തോതില്‍ വിലകൂട്ടിക്കാണിച്ചെന്നാണ് ഇന്ത്യന്‍ ഓഹരികളെ കുറിച്ചുള്ള ഈ ഏജന്‍സികളുടെ വിലയിരുത്തല്‍.

പതിവു പോലെ രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്. യുഎസ് ഡോളറിനെതിരെ തിങ്കളാഴ്ച 17 പൈസ ഇടിഞ്ഞ ഇന്ത്യന്‍ രൂപയുടെ മൂല്യം 75.73 ആയി. ഇതോടെ യുഎഇ ദിര്‍ഹം നിരക്ക് 20.63 ഇന്ത്യന്‍ രൂപയായി ഉയര്‍ന്നു.
 

Latest News