വാഷിങ്ടന്‍- യുഎസില്‍ ജനിതക ശ്രേണീകരണം നടത്തിയ ആകെ കോവിഡ് കേസുകളില്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്ന ഒമിക്രോണ്‍ ഒരാഴ്ച്ചയ്ക്കിടെ മൊത്തം കേസുകളുടെ 73 ശതമാനമായി കുതിച്ചുയര്‍ന്നു. രാജ്യത്തുടനീളം ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിഎസ്) പുറത്തിറക്കിയ ഏറ്റവും പുതിയ ആഴ്ചതോറുമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ യുഎസില്‍ ഏറ്റവും കൂടുതല്‍ റിപോര്‍്ട്ട് ചെയ്തിരുന്നത് ഡെല്‍റ്റ വകഭേദമായിരുന്നു. ഇതിപ്പോള്‍ ഏകദേശം 27 ശതമാനമായി കുറഞ്ഞു.
ഒമിക്രോണ്‍ വ്യാപനം വീണ്ടും രാജ്യത്ത് മറ്റൊരു കോവിഡ് തരംഗം കൂടി സൃഷ്ടിച്ചേക്കാമെന്നും രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങളെ കാര്യമായി ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്. ഡെല്‍റ്റയേക്കാള്‍ കഠിനമായ രോഗലക്ഷണങ്ങള്‍ ഒമിക്രോണിന് ഉണ്ടാകില്ല എന്നതിന് തെളിവുകളുണ്ടെങ്കിലും വ്യാപനത്തിലെ കുതിച്ചുചാട്ടം ആശുപത്രികളില്‍ പ്രതിസന്ധിയുണ്ടാക്കാം.
ഒമിക്രോണ്‍ വ്യാപനം പ്രതീക്ഷിച്ചിരുന്നതാണെന്നും സിഡിഎസ് പറയുന്നു. യുഎസില്‍ ചിലയിടങ്ങളില്‍ പുതിയ കോവിഡ് കേസുകളില്‍ ഏറിയ പങ്കും ഒമിക്രോണ്‍ ആണ്. ന്യൂയോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും ഇത് 92 ശതമാനവും വാഷിങ്ടനില്‍ ഇത് 96 ശതമാനവുമാണെന്നും സിഡിഎസ് കണക്കുകള്‍ പറയുന്നു.