ദല്‍ഹിയില്‍ കഫ് സിറപ്പ് കുടിച്ച് 3 കുട്ടികള്‍ മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ കുറിച്ചു നല്‍കിയ കഫ് സിറപ്പ് കുടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ക്ലിനിക്കിലെ മൂന്ന് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനും രാജിവെക്കണമെന്ന് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കലാവതി ശരണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് കുട്ടികള്‍ മരിച്ചത്. ആറു മാസത്തിനിടെ ഈ ആശുപത്രിയില്‍ 16 കുട്ടികള്‍ക്ക് സമാന വിഷബാധ ഏറ്റതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരിലേറെ പേര്‍ക്കും ശ്വസന പ്രശ്‌നങ്ങളായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച കുട്ടികളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. 

സംഭവം അന്വേഷിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചു. സൗത്ത് ഈസ്റ്റ് ദല്‍ഹി ചീഫ് ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡെക്‌സ്‌ട്രോമെത്തോര്‍ഫന്‍ എന്ന സര്‍വസാധാരണ ചുമ മരുന്നില്‍ നിന്നാണ് വിഷബാധ ഉണ്ടായിരിക്കുന്നത്.

Latest News