ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന അവസാന ഷട്ടറും തമിഴ്നാട് അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ ഇല്ലാതായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഉച്ചക്ക് 12ന് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിവച്ചിരുന്ന മൂന്നാം നമ്പര്‍ സ്പില്‍വേ ഷട്ടര്‍ താഴ്ത്തിയത്.
ഒക്ടോബര്‍ 29 മുതല്‍ നാല് തവണയാണ് ഷട്ടര്‍ തുറന്നത്. നവംബര്‍ 28 മുതല്‍ തുടര്‍ച്ചയായി അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയില്‍ തമിഴ്നാട് ജലനിരപ്പ് നിലനിറുത്തി. ഇതിനിടെ പല തവണ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും മുന്നറിയിപ്പില്ലാതെ കൂടുതല്‍ വെള്ളം തുറന്നുവിട്ട് തീര തീരദേശവാസികളെ വെള്ളത്തിലാക്കി.
2018 ലെ പ്രളയത്തിന് ശേഷം ഏറ്റവും കൂടുതല്‍ വെള്ളം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഒഴുക്കിയത് ഡിസംബര്‍ ആറിനാണ്. ഒമ്പത് ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ഉയര്‍ത്തി 12,654 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പെരിയാറിലേക്ക് ഒഴുക്കിയത്. ഇന്നലെ രാത്രി ഏഴരവരെയുള്ള കണക്ക് പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.






