ആലപ്പുഴ- ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍ക്കു വേണ്ടി പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ പോലീസ് കണ്ടെത്തി. എസ്.ഡി.പി.ഐ നേതാവ് ഷാനിനെ ഇടിച്ചിട്ട കാര്‍ പോലീസ് കണിച്ചുകുളങ്ങരയില്‍ നിന്നു കണ്ടെത്തി. പ്രതികള്‍ ഈ വാഹനം വാടകയ്ക്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. വാഹന ഉടമയെ വിശദമായി ചോദ്യം ചെയ്ത പോലീസ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു.
ബി.ജെ.പി നേതാവ് രഞ്ജിത് കൊലക്കേസില്‍ പ്രതികള്‍ വന്നതെന്ന് സംശയിക്കുന്ന ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതല്‍ തടങ്കലിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഷാന്‍ വധത്തില്‍ രണ്ടു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടന്‍, പ്രസാദ് എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇവരെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവര്‍ക്കും കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കൊലയാളി സംഘത്തെ ഒരുക്കിയതും അവര്‍ക്ക് വാഹനം എത്തിച്ചുകൊടുത്തതും പ്രസാദ് ആണെന്ന് പോലീസ് പറഞ്ഞു.
കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരില്‍ ബാക്കിയുള്ള എട്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകും. കൊലയ്ക്ക് പിന്നില്‍ മറ്റ് ഗൂഢാലോചനകള്‍ ഉണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് എഡിജിപി പറഞ്ഞു.
രഞ്ജിത്ത് കൊലക്കേസില്‍ നിലവില്‍ പന്ത്രണ്ട് പ്രതികളാണുള്ളത്. കൂടുതല്‍ പ്രതികളുണ്ടാകാനും സാദ്ധ്യതയുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.