കൊച്ചി- ലക്ഷദ്വീപിൽ കാലങ്ങളായി സ്കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി ഞായറാഴ്ചയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ക്ലാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ സ്കൂളുകളിൽ രണ്ടാം ശനിയും ഞായറാഴ്ചയുമാണ് ഇനി മുതൽ അവധി ദിവസങ്ങൾ. സ്കൂളുകളുടെ സമയക്രമം രാവിലെ 9 മണിമുതൽ 12.30 വരെയാക്കി. 12.30 മുതൽ 1.30 വരെയാണ് ഉച്ചഭക്ഷണത്തിനായുള്ള സമയം. 1.30 മുതൽ 4.30 വരെയാണ് അടുത്ത ക്ലാസ്. അവധി ദിവസത്തിലെയും സമയക്രമത്തിലെയും മാറ്റം വിശ്വാസികളുടെ ആരാധനക്രമങ്ങളെ തടസപ്പെടുത്താനാണെന്ന് ദ്വീപ് നിവാസികൾ പറഞ്ഞു. ജുമുഅ നടക്കുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ 11 മണി ആകുമ്പോഴേക്കും വിശ്വാസികൾ പള്ളിയിലെത്താറുണ്ട്. എന്നാൽ പുതിയ മാറ്റം വിദ്യാർഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കും. സ്കൂളുകളിൽ നേരത്തേ മാംസ ഭക്ഷണം നിരോധിക്കാനുള്ള നീക്കവും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമ ശ്വാസകോശ രോഗത്തെ തുടർന്ന് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.ഇതിന് പിന്നാലെയാണ് ബീഫ് നിരോധനം ഉൾപ്പെടെയുള്ള നിയമങ്ങൾ വന്നത്. ദ്വീപിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ബീഫ് നിരോധനം, ഗുണ്ടാ ആക്ട് തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളും ഭരണകൂടം നടപ്പിലാക്കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്കൂൾ സമയമാറ്റത്തിനെതിരെ വിവിധ സംഘടനകൾ പരസ്പരം കൂടിയാലോചിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കോഓർഡിനേറ്റർ കോമളം കോയ അറിയിച്ചു.






