Sorry, you need to enable JavaScript to visit this website.

ശശി തരൂരിനെ പോലും തിരുത്തുന്ന   സുധാകര രീതി 

തരൂരിന് മറുപടി പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ അടുത്ത കാലത്ത് ആ പാർട്ടി കേരളത്തിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന ആന്തരിക ശക്തിയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല.

അരുതായ്മകളെ നെഞ്ച് വിരിച്ച് നിന്ന് ചോദ്യം ചെയ്യാൻ ആളുണ്ടാവുക എന്നതാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യം. പണ്ടൊക്കെ ആ തരത്തിൽ എത്രയെത്രയോ സംഘങ്ങളും വ്യക്തികളുമുണ്ടായിരുന്നു. ചടങ്ങിനു വേണ്ടിയുള്ള ചോദ്യം ചെയ്യലല്ല. കാര്യകാരണങ്ങൾ നിരത്തി പോരാട്ടത്തിന്റെ തീപ്പൊരി തീർക്കുന്ന എതിർപ്പ്. സിൽവർ ലൈൻ പാതയുടെ കാര്യത്തിൽ ശശി തരൂരിന് മറുപടി പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ അടുത്ത കാലത്ത് ആ പാർട്ടി കേരളത്തിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന ആന്തരിക ശക്തിയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല.  ശശി തരൂരല്ലെ, ലോക പൗരനല്ലെ എന്ന പേടിയൊന്നും  സുധാകരൻ എന്ന കെ.പി.സി.സി അധ്യക്ഷനുണ്ടായില്ല.  ഏത് ലോക പൗരനാണെങ്കിലും പാർട്ടി ഒരു നിലപാടെടുത്താൽ പൊതുവേദിയിൽ എതിരഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്ന് പാർട്ടിക്കാരനായ തരൂരിനെ സുധാകരൻ അച്ചടക്കം പഠിപ്പിക്കുകയാണ് -ലക്ഷണമൊത്ത കേഡർ രീതി.  കെ. സുധാകരൻ എന്ന പോരാളി ഉള്ളിൽ വഹിക്കുന്ന അഗ്‌നി എന്താണെന്ന് ശശി തരൂരിന് മനസ്സിലാകണമെങ്കിൽ അദ്ദേഹം വായിച്ചു തീർത്ത പുസ്തകങ്ങളൊന്നും മതിയാകുമെന്ന് തോന്നുന്നില്ല,  

മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ഉറച്ച തീരുമാനങ്ങളെടുത്ത് ആരെടാ വീരാ, പോരിന് വാ എന്ന ഭാവഹാവങ്ങളോടെ നിൽക്കുന്ന ഒരാളുടെ മുന്നിൽ. എന്നാലതൊന്നു കാണട്ടെ എന്ന് നെഞ്ച് വിരിക്കാൻ ഒരാളുണ്ടാവേണ്ടത് കേരളത്തിന്റെ അനിവാര്യതയായിരുന്നു. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കേരള രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കെല്ലാം ബോധ്യമാകും. യു.ഡി.എഫ് മുഖ്യ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ നേതാക്കളുടെ നിലപാടിലൊക്കെ സമീപ കാലത്തായി തിരിച്ചെത്തിയ  പൂർവകാല ശക്തി ശ്രദ്ധിച്ചിട്ടുണ്ടോ? സാദിഖലി ശിഹാബ് തങ്ങളുടെയൊക്കെ നിലപാടിന്റെ മൂർച്ച  എത്രയോ ശക്തമാണിപ്പോൾ.  മുസ്‌ലിം ലീഗ് നടത്തുന്ന അവകാശ പോരാട്ടങ്ങളിലൊക്കെ അവർക്കൊപ്പം തന്നെയുണ്ട് സുധാകരനും സതീശനുമെല്ലാം.  ശനിയാഴ്ച നടന്ന കെ-റെയിൽ  വിരുദ്ധ സമരത്തിൽ അണി നിരന്ന യു.ഡി.എഫ് നേതാക്കളെ ശ്രദ്ധിച്ചാലറിയാം ഈ സമര വിജയത്തിൽ അവർക്കുള്ള ഉറപ്പ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ-റെയിൽ വിരുദ്ധ വേദിയിൽ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതാണ് പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയുടെ കാര്യം. ആ സ്ഥാപനം പോലും  മര്യാദക്ക് നടത്താൻ പറ്റാത്തവരാണ്  കെ-റെയിൽ, ആകാശ പാത എന്നൊക്കെയുള്ള വലിയ വർത്തമാനം പറഞ്ഞു നടക്കുന്നതെന്ന് സതീശൻ നാടുനീളെ മറുപക്ഷത്തെ പരിഹസിക്കുന്നുണ്ട്.  കോടിക്കണക്കിന് രൂപ വില വരുന്ന കെ.എസ്.ആർ.ടി.സി വക  ഒന്നാന്തരം വോൾവോ ബസുകൾ ഷെഡിൽ കിടന്ന് നശിക്കുന്ന  വിവരം ഇന്നൊരു വാർത്തയല്ലാതായിട്ടുണ്ട്.  കെ-റെയിലിനു വേണ്ടി നടക്കുന്ന കോലാഹലത്തിനിടയിൽ കൊച്ചിയിലെ മെട്രോ റെയിൽ മഹാനഷ്ടത്തിന്റെ വഴിയിലാണെന്ന വിവരാവകാശ രേഖ പുറത്ത് വന്നതോടെ നഷ്ടമല്ല മഹാലാഭത്തിലാണെന്ന പി.ആർ  നിരന്തരമായി ഇറങ്ങുകയാണിപ്പോൾ. യാഥാർഥ്യത്തെ എത്ര കാലം പി.ആർ കൊണ്ട് തോൽപിക്കനാകും?


 കെ-റെയിൽ പദ്ധതിയുടെ വിഷയത്തിൽ കേരള സർക്കാരിന് പറയാനുള്ളത് കേൾക്കാതെ സർക്കാർ നിലപാട് തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന തായിരുന്നു കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ  വിവാദ നിലപാട്.  

ചർച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെന്ന തത്വമൊക്കെയാണ്  തരൂർ പറഞ്ഞുകൊണ്ടേയിരിക്കുന്നത്.  ആരോടാണീ പറയുന്നത് എന്ന ചോദ്യം ഇതൊക്കെ കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിലുയരുന്നുണ്ടാകും.   

തന്റെ പരാമർശങ്ങൾ വിവാദമാക്കപ്പെടുകയായിരുന്നെന്ന് തരൂർ ഏറ്റവും പുതിയ വിശദീകരണത്തിൽ ഖേദമെന്ന വാക്ക് പ്രയോഗിക്കാതെ പറയുന്നുണ്ട്.  ''എന്റെ ചില സഹപ്രവർത്തകർ (ഇതാദ്യമായല്ല) ശത്രുവിനെ സഹായിച്ചു എന്ന പേരിൽ എന്നെ തള്ളിപ്പറഞ്ഞു. സി.പി.എം വക്താവാകട്ടെ, വികസനത്തിനനുകൂലമാണ്  എന്ന രീതിയിൽ തന്ത്രപരമായി എന്നെ അഭിനന്ദിച്ചു. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും എതിർത്തിട്ടുണ്ടെന്നത് സൗകര്യപൂർയം വിസ്മരിക്കപ്പെട്ടു.  എടുത്ത ആദർശപരമായ നിലപാടായിരുന്നില്ല രണ്ടു കൂട്ടരും പരിഗണിച്ചത്. സ്ഫടികം പോലെ സുതാര്യമായ  വാദങ്ങൾ ഒരൊറ്റ അനുമാനത്തിലേക്ക്, അതായത്   പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണച്ചു എന്നതിലേക്ക്  ചുരുക്കപ്പെട്ടു.''
കെ-റെയിൽ പദ്ധതിയെ എതിർത്തുകൊണ്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്കയച്ച കത്തിൽ താൻ ഒപ്പുവെയ്ക്കതിരുന്നതും തിരുവനന്തപുരത്ത് ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങളും അനാവശ്യ വിവാദമാണുളവാക്കിയിരിക്കുന്നതെന്നാണ്  തരൂർ പറയുന്നത്.  ''കെ റെയിൽ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ ഒരു നിലപാട് എടുക്കാനാവില്ല. അങ്ങനെയൊരു പഠനം ഇനിയും നടത്തിയിട്ടില്ലെന്നതിനാലാണ് കത്തിൽ ഒപ്പ് വെയ്ക്കാതിരുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന സെമി ഹൈസ്പീഡ് റെയിൽ  പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു മാത്രമാണ് എം.പിമാരുടെ കത്തിൽ ഒപ്പുവെയ്ക്കാതിരുന്നത്.'' കത്തിൽ ഒപ്പുവെയ്ക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും കത്തിന്റെ ഉള്ളടക്കം തനിക്ക് ലഭ്യമായിരുന്നില്ലെന്നും പറയുന്ന തരൂർ ഈ വിഷയത്തിൽ താൻ പാർട്ടിയുമായി പോരിനില്ലെന്ന് പറയാതെ പറയുകയാണ്.

കത്തിൽ ഒപ്പുവെയ്ക്കാതിരുന്നതിന്റെ അർത്ഥം താൻ കെ-റെയിലിനെ പിന്തുണയ്ക്കുന്നുവെന്നല്ലെന്ന് കൂടി തരൂർ  പറഞ്ഞതോടെ തരൂരിനെ മുന്നിൽ നിർത്തി കെ-റെയിൽ അനുകൂല വാദത്തെ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ഇല്ലാതായി പ്പോകുന്നത്. ശശി തരൂരിന്റെ നിലപാടിനെതിരെ  പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡന്റ് ഭയപ്പെട്ട് മാറി നിന്നിരുന്നുവെങ്കിൽ  ഇതാകുമായിരുന്നില്ല അവസ്ഥ.  ''എന്റെ സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്താണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാതം? നിരവധി പേരെ കുടിയൊഴിപ്പിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതുണ്ടോ? സ്വതവേ ദുർബലമായ നമ്മുടെ പരിസ്ഥിതിയെ ഈ പദ്ധതി വീണ്ടും തളർത്തുമോ? പരിസ്ഥിതി പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന സുവ്യക്തമായ പഠനം സർക്കാർ നടത്തുമോ? സാമ്പത്തികമായി എത്രമാത്രം പ്രായോഗികമാണ് കെ-റെയിൽ? വൻ പണച്ചെലവ് വരുന്ന പദ്ധതിയാണ് ഇതെന്നതിനാൽ പദ്ധതിയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾക്ക് സർക്കാർ മറുപടി പറയുമോ? വളരെ നിർണായകമായ ചോദ്യങ്ങളാണിവ. ഈ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.''  കെ-റെയിലിനെ എതിർക്കുന്നവരെല്ലാം പറയുന്ന കാര്യങ്ങൾ ശശി തരൂരും ആവർത്തിച്ചിരിക്കുന്നു.   

Latest News