പ്രതികാരക്കൊല പതിവാക്കിയ രണ്ട് കുരങ്ങുകള്‍ പിടിയില്‍; ഇവര്‍ കൊന്നത് 250ഓളം നായക്കുട്ടികളെ

നാഗ്പൂര്‍- മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 250ഓളം നായ്ക്കുട്ടികളെ പ്രതികാരക്കൊല ചെയ്ത രണ്ടു കുരങ്ങുകളെ വനംവകുപ്പ് പിടികൂടി. മാസങ്ങള്‍ക്ക് മുമ്പ് ലവൂല്‍ ഗ്രാമത്തില്‍ ഒരു നവജാത കുരങ്ങുകുഞ്ഞിനെ പട്ടികള്‍ കടിച്ചു കൊന്നിരുന്നു. ഈ സംഭവത്തിനു ശേഷമാണ് രണ്ടു കുരങ്ങുകള്‍ പ്രദേശത്തെ നായ്ക്കുട്ടികളെ പിടികൂടി കൊല്ലുന്നത് പതിവാക്കിയത്. മാസങ്ങള്‍ക്കിടെ 250ഓളം നായ്ക്കളെയാണ് ഇവര്‍ പ്രതികാരക്കൊല ചെയ്തത്. പട്ടിക്കുഞ്ഞുകളെ പിടികൂടി ഉയരം കൂടിയ മരത്തിലോ മറ്റോ കയറി താഴേക്ക് എറിയുകയാണ് കുരങ്ങുകള്‍ ചെയ്തിരുന്നത്. ഇതിനിടെ സ്‌കൂളിലേക്കു പോകുന്ന കുട്ടികള്‍ക്കു നേരേയും ഇവര്‍ അക്രമം തുടങ്ങി. ഇവരുടെ പ്രതികാരം കാരണം വലഞ്ഞ നാട്ടുകാര്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. രണ്ടു കുരങ്ങുകളേയും പിടികൂടിയതായി ബീഡ് ഫോറസ്റ്റ് ഓഫീസര്‍ സചിന്‍ കണ്ഡ് അറിയിച്ചു. ഇവയെ നാഗ്പൂരിലേക്കു കൊണ്ടു പോലി അവിടെ വനത്തില്‍ മോചിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest News