കോടതിയില്‍ ബോംബ് വച്ച പ്രതിരോധ വകുപ്പ് ശാസ്ത്രജ്ഞന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയിലെ രോഹിണി ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഹാന്‍ഡ് വാഷ് കുടിച്ച് അവശനായ പ്രതി ഭരത് ഭൂഷന്‍ കടാരിയയെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ അല്ലെന്നും സുഖംപ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് രോഹിണി കോടതി മുറിയില്‍ ടിഫിന്‍ ബോക്‌സിന്‍ സ്‌ഫോടക വസ്തു വച്ചതിനാണ് ഭരത് ഭൂഷണിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ ഫയല്‍ ചെയ്ത ഒരു അയല്‍വാസിയെ കൊല്ലാന്‍ ലക്ഷ്യമിട്ടാണ് ബോംബ് വച്ചതെന്ന് പോലീസ് പറയുന്നു. ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ വെള്ളിയാഴ്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജയിലില്‍ അടച്ചതിനു പിന്നാലെ ശനിയാഴ്ച രാത്രിയാണ് ശുചിമുറിയിലെ ഹാന്‍ഡ് വാഷെടുത്ത് കുടിച്ച് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് ബോധരഹിതനായി കാണപ്പെടുകയായിരുന്നു. ഛര്‍ദിയും വയറു വേദനയും ഉള്ളതായി ഇയാള്‍ പറഞ്ഞിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ പോലീസിനോട് താന്‍ ഒന്നും കഴിച്ചിട്ടില്ലെന്നാണ് പ്രതി പറഞ്ഞത്. ഹാന്‍ഡ് വാഷ് അകത്തു ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുവെന്നും പോലീസ് പറഞ്ഞു. തിങ്കഴാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശേഷം വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തെ ഇദ്ദേഹം വഴിതെറ്റിക്കുന്നതായും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള വഴികളെല്ലാം പഠിച്ചുവച്ച പ്രതി പോലീസുമായി സഹകരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.

Latest News