ഥാര്‍ ലേലം റദ്ദാക്കാന്‍ ദേവസ്വത്തിന് കഴിയില്ലെന്ന് ലേലം പിടിച്ച അമല്‍ മുഹമ്മദ് അലി

തൃശൂര്‍- ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച ഥാര്‍ ലേലത്തില്‍ വാങ്ങിയത് റദ്ദാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ലെന്ന് ലേലം പിടിച്ച അമല്‍ മുഹമ്മദ് അലി. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ലേലം വിളിച്ചതെന്നും പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ തുകക്കാണ് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലേലം റദ്ദാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രവാസിയായ അമല്‍ മുഹമ്മദലി പറഞ്ഞു. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച് നടന്ന ഥാര്‍ ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. 15 ലക്ഷത്തി പതിനായിരം രൂപക്ക് എറണാകുളം പോണേക്കര സ്വദേശി അമല്‍ മുഹമ്മദ് അലിക്ക് വേണ്ടിയാണ് ലേലം ഉറപ്പിച്ചത്.

താല്‍ക്കാലികമായി മാത്രമേ ലേലം ഉറപ്പിച്ചിട്ടുള്ളൂവെന്നും ഭരണ സമിതി അംഗീകാരം ലഭിച്ചാല്‍ മാത്രമേ വാഹനം കൈമാറാനാകൂ എന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ ദാസ് പറഞ്ഞു.

21 ലക്ഷം വരെ ലേലം വിളിക്കാന്‍ തയ്യാറായി വന്നയാള്‍ക്ക് 15 ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ചത് ശരിയെല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണ സമിതി യോഗം ചേര്‍ന്ന ശേഷം മാത്രമേ ലേലം അംഗീകരിക്കൂവെന്നും അംഗീകാരം നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News