Sorry, you need to enable JavaScript to visit this website.

വിദേശ തൊഴിലാളികളുടെ താൽക്കാലിക കൈമാറ്റം; 29,691 പേർക്ക് പ്രയോജനപ്പെട്ടു

റിയാദ്- സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കീഴിലെ വിദേശ തൊഴിലാളികളെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറാൻ അനുവദിക്കുന്ന മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അജീർ സേവനം 29,691 പേർ പ്രയോജനപ്പെടുത്തിയതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. 
6,084 സ്ഥാപനങ്ങൾ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തി. അജീർ പ്രോഗ്രാം വഴി ഇലക്‌ട്രോണിക് രീതിയിലാണ് തൊഴിലാളി കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നത്. 
തൊഴിലാളി കൈമാറ്റം അനുവദിക്കാൻ സ്ഥാപനങ്ങൾ ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവയായിരിക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇപ്പോൾ ഈ വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. 


താൽക്കാലിക അടിസ്ഥാനത്തിൽ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾ സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇടത്തരം പച്ചയും അതിനു മുകളിലും ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളി കൈമാറ്റ കരാർ കാലാവധി 12 മാസത്തിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഒരു സ്ഥാപനത്തിലെ 20 ശതമാനത്തിൽ കൂടുതൽ തൊഴിലാളികളെ അജീർ പ്രോഗ്രാം വഴി പ്രയോജനപ്പെടുത്താൻ കഴിയില്ല.
സ്വകാര്യ സ്ഥാപനത്തിൽ ആവശ്യത്തിൽ കൂടുതലുള്ള വിദേശ തൊഴിലാളികളെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ നിയമങ്ങൾ പാലിച്ച് താൽക്കാലികമായി മറ്റൊരു സ്ഥാപനത്തിന് കൈമാറാൻ അജീർ സേവനം അവസരമൊരുക്കുന്നു. 


സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അജീർ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 
സൗദി തൊഴിൽ വിപണിയിൽ വിദഗ്ധ തൊഴിലാളികളുടെ സേവനം കൈമാറ്റം ചെയ്യപ്പെടാനും തൊഴിൽ നിയമങ്ങൾ ലംഘിക്കാതെ സ്‌പോൺസർ മാറി ജോലി ചെയ്യാനും അജീർ പ്രോഗ്രാം അവസരമൊരുക്കുന്നു. 
വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം സൗദി അറേബ്യക്കകത്തുള്ള വിദേശ തൊഴിലാളികളുടെ സേവനം താൽക്കാലിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താൻ നിയമാനുസൃതം അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2014 ൽ ആണ് മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം അജീർ പ്രോഗ്രാം ആരംഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്ത് അധികമുള്ള തൊഴിലാളികളെയും ചില സീസണുകളിൽ ജോലികളൊന്നുമില്ലാത്ത സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെയും, ജീവനക്കാരെ ആവശ്യമുള്ള മറ്റു കമ്പനികൾക്കും സ്ഥാപനങ്ങൾക്കും താൽക്കാലികമായി കൈമാൻ അനുവദിക്കുകയാണ് അജീർ ചെയ്യുന്നത്. താൽക്കാലിക തൊഴിലുകളും സീസൺ തൊഴിലുകളും നിർവഹിക്കാൻ വിദേശങ്ങളിൽനിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തടയിടാനും അജീർ സഹായിക്കുന്നു.


താൽക്കാലികമായി കൈമാറാനോ സ്‌പോൺസർഷിപ്പ് കൈമാറാനോ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ സി.വികൾ അജീർ പോർട്ടലിൽ ഉൾപ്പെടുത്താൻ അവസരമൊരുക്കുന്ന സേവനം അടുത്തിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുൻകരുതൽ നടപടികൾ തൊഴിൽ വിപണിയെ ബാധിക്കാതെ നോക്കാനും സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം എളുപ്പമാക്കാനും ശ്രമിച്ചാണ് പുതിയ സേവനം ആരംഭിച്ചത്. തൊഴിലാളികളുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും തൊഴിലാളികൾക്ക് ആവശ്യം കൂടിയ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് അജീർ പോർട്ടൽ വഴി തൊഴിലാളി കൈമാറ്റം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം എളുപ്പമാക്കിയിരിക്കുന്നത്. 
താൽക്കാലികമായി തൊഴിലാളികളെ മറ്റു സ്ഥാപനങ്ങൾക്ക് കൈമാറാനും തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ തൊഴിലാളികളുടെ സി.വികൾ അജീർ പോർട്ടലിൽ പരസ്യപ്പെടുത്താനും തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കു മുന്നിൽ അവ പ്രദർശിപ്പിക്കാനും പുതിയ സേവനം സഹായിക്കുന്നു. യോഗ്യതകൾക്ക് അനുസരിച്ച് തൊഴിലാളികളുടെ സി.വികൾ അജീർ പോർട്ടൽ തരംതിരിക്കുന്നതിനാൽ തങ്ങൾ ആഗ്രഹിക്കുന്ന വിഭാഗങ്ങളിൽ പെട്ട തൊഴിലാളികളെ വേഗത്തിൽ കണ്ടെത്തി റിക്രൂട്ട് ചെയ്യാൻ പുതിയ സേവനം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കും. 

Latest News