ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കി എറണാകുളം കലക്ടര്‍

കൊച്ചി- ഒമിക്രോണ്‍ വ്യാപിക്കുന് പശ്ചാത്തലത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നു വരുന്നവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് എറണാകുളം  ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്.  ഹൈ റിസ്‌ക് രാജങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് വിദേശത്തുനിന്ന് എത്തുന്ന എല്ലാവരും 14 ദിവസം പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ഥന.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മൂന്നു പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ കോംഗോയില്‍ നിന്നും മറ്റു രണ്ടു പേര്‍ യു.എ.ഇയില്‍ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ  പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കോംഗോയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ സ്വയം നിരീക്ഷണത്തില്‍ പോകാതെ മാളുകളിലും കടകളിലും കയറിയിറങ്ങിയിരുന്നു. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവായതോടെയാണ് ആശ്വാസമായത്. യുഎഇയില്‍ നിന്നും എത്തിയ ദമ്പതികള്‍ക്കും പിന്നീട് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

എറണാകുളം കലക്ടറുടെ അറിയിപ്പ്  

വിദേശത്തുനിന്ന് എത്തുന്നവര്‍ 14 ദിവസം  നിരീക്ഷണത്തില്‍ കഴിയണം

ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇക്കാലയളവില്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ മൂന്നു പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കോംഗോയില്‍ നിന്നും മറ്റു രണ്ടു പേര്‍ യു.എ.ഇയില്‍ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്‌ക് പട്ടികയില്‍ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതീവ ജാഗ്രത അനിവാര്യമാണ്.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട രാജ്യങ്ങളില്‍ നിന്ന് എത്തുന്ന എല്ലാവരെയും വിമാനത്താവളത്തില്‍ വച്ചു തന്നെ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവര്‍ ഏഴു ദിവസം വീടുകളില്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കി ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവര്‍ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.

അതേസമയം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നിലവില്‍ റാന്‍ഡം പരിശോധനയാണ് നടത്തുന്നത്. അതിനാല്‍ ഇവിടെ എത്തുന്നത് മുതല്‍ അടുത്ത 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് അനുബന്ധ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.  

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ  പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കും.

 

Latest News