യുവതിയെ തീയിട്ടുകൊന്ന നന്ദു ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സൈക്കോ ക്രിമിനലെന്ന് ബന്ധുക്കൾ

വടകര- തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നന്ദകുമാര്‍ സജീവ ആര്‍എസ്എസ്- ബി.ജെ.പി പ്രവര്‍ത്തകന്‍. ഇയാള്‍ ഒരു സൈക്കോ ക്രിമിനലാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു.

സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ മരിച്ച കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും അമിത ഇടപെടലുകള്‍ നടത്തിയിരുന്നു. മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല, ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ' തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

മാത്രമല്ല, നന്ദകുമാര്‍ കാരണം ജോലിക്ക് പോവാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നു. കെട്ടിച്ചുതന്നില്ലെങ്കില്‍ അവളെ കൊല്ലുമെന്ന് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാര്‍ വ്യക്തമാക്കി.

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഓഫിസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാൻ തുടങ്ങുന്നതിന് മുൻപായിരുന്നു ആക്രമണം.തുടർന്ന് ഇയാളും സ്വയം തീ കൊളുത്തി.ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ നന്ദകുമാറും മരിച്ചിരുന്നു.

Latest News