യാത്രാമധ്യേ കാർ കേടായ യുവാവിന്  ഗവർണറുടെ വക പുതിയ കാർ സമ്മാനം

മഹായിൽ അസീറിൽ കാർ കേടായി വഴിയിൽ കുടുങ്ങിയ സൗദി യുവാവിനോട് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ വിവരങ്ങൾ ആരായുന്നു
ഗവർണർ സമ്മാനിച്ച പുതിയ മോഡൽ പിക്കപ്പുമായി സൗദി യുവാവ്.

അബഹ - യാത്രാമധ്യേ കാർ കേടായി വഴിയിൽ കുടുങ്ങിയ സൗദി യുവാവിന് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ വക പുതിയ കാർ സമ്മാനം. മഹായിൽ അസീറിലൂടെ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ കടന്നുപോകുന്നതിനിടെയാണ് റോഡിൽ കാർ കേടായി കുടുങ്ങിയ സൗദി യുവാവിനെ കണ്ടത്. ഉടൻ തന്നെ കാർ നിർത്തിയ ഗവർണർ ഇതല്ലാതെ മറ്റൊരു കാർ താങ്കൾക്കുണ്ടോയെന്ന് യുവാവിനോട് അന്വേഷിച്ചു. ഇതിന് യുവാവ് ഇല്ലെന്ന് മറുപടി പറഞ്ഞു. 
ഇതോടെ യുവാവിനോട് തന്റെ കാറിൽ കയറാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു. സൗദി യുവാവിനെയുംകൂട്ടി കാർ ഷോറൂമിലേക്കാണ് ഗവർണർ നേരെ പോയത്. കാർ ഷോറൂമിൽ നിന്ന് ഏറ്റവും പുതിയ മോഡൽ ഫുൾഓപ്ഷൻ ടൊയൊട്ട ഹൈലക്‌സ് പിക്കപ്പ് വാങ്ങി തുർക്കി ബിൻ ത്വലാൽ രാജകുമാരൻ യുവാവിന് സമ്മാനിക്കുകയായിരുന്നു. 

Latest News