Sorry, you need to enable JavaScript to visit this website.

ഇനി സിബിഐയും ഇഡിയും വരും, കോണ്‍ഗ്രസിനെ പോലെ ബിജെപിയും പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അഖിലേഷ്

ലഖ്‌നൗ- സമാജ്‌വാദി പാര്‍ട്ടി ദേശീയ സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 'ഞാനിത് എപ്പോഴും പറയുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ഇങ്ങനയൊക്കെ സംഭവിക്കും. ഇപ്പോള്‍ വന്നത് ആദായ നികുതി വകുപ്പാണ്. ഇനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരും, സിബിഐ വരും. പക്ഷെ സൈക്കിളിനെ (പാര്‍ട്ടി ചിഹ്നം) തടയാന്‍ കഴിയില്ല, അതിന്റെ വേഗതയും കുറക്കാനാകില്ല. ബിജെപി യുപിയില്‍ നിന്ന് തുടച്ചു നീക്കും. സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല. രാജീവ് രവിയുടെ വീട്ടില്‍ എന്തുകൊണ്ട് ഒരു മാസം മുമ്പ് റെയ്ഡ് നടത്തിയില്ല, എന്ത് കൊണ്ട് ഇപ്പോള്‍ നടത്തുന്നു. കാരണം തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്,' അഖിലേഷ് പറഞ്ഞു. 

ബിജെപിയുടെ കോണ്‍ഗ്രസിന്റെ പാതയിലാണ്. നേരത്തെ ആരേയെങ്കിലും പേടിപ്പിക്കാന്‍ കോണ്‍ഗ്രസാണ് ഇത്തരം തന്ത്രങ്ങള്‍ പുറത്തെടുത്തിരുന്നത്. ഇപ്പോള്‍ ബിജെപി കോണ്‍ഗ്രസിന്റെ കാലടി പിന്തുടരുന്നു. ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്- അഖിലേഷ് പറഞ്ഞു. 

സമാജ്‌വാദി പാര്‍ട്ടി ഉന്നത നേതാവും വക്താവുമായ രാജീവ് റായിയുടെ മവുവിലെ വീട്ടില്‍ ശനിയാഴ്ച രാവിലെയാണ് വാരാണസിയില്‍ നിന്നുള്ള ആദായ നികുതി വകുപ്പു സംഘം റെയ്ഡിനെത്തിയത്.
 

Latest News