സ്‌കൂളില്‍നിന്ന് വൈകിയതിന് സഹോദരന്‍ ശാസിച്ചു, വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി

കോട്ടയം- സ്‌കൂളില്‍നിന്ന് വൈകി എത്തിയതിന് സഹോദരന്‍ ശാസിച്ചതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തി.  ഒരു രാത്രി മുഴുവന്‍ വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ സമീപത്തെ റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവില്‍ രാവിലെ ആറരയോടെയാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.

കറുകച്ചാല്‍ പൂണിക്കാവ് സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് വീടുവിട്ടിറങ്ങി കുറ്റിക്കാട്ടില്‍ ഒളിച്ചത്.  വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് രാത്രി ഏഴരയോടെ ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട പെണ്‍കുട്ടിയോട്  നാട്ടുകാര്‍ എവിടെപ്പോകുന്നുവെന്നു ചോദിച്ചതോടെ പെണ്‍കുട്ടി തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു.
രാത്രി വൈകിയും കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  പതിവിലും വൈകി വീട്ടിലെത്തിയ പെണ്‍കുട്ടിയോട് സഹോദരന്‍ കാരണം ചോദിച്ച് ശാസിച്ചിരുന്നു. സന്ധ്യയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്.

 

Latest News