മുന്‍ എം.എല്‍.എയുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ആശിത നിയമനം നല്‍കിയതു റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയക്ക് അധികാരമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുന്നതില്‍ ഹൈക്കോടതിക്കു പിഴവു പറ്റിയെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കു വരെ ആശ്രിത നിയമനം നല്‍കുന്ന സാഹചര്യമുണ്ടാകുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഈ നിയമനം  യോഗ്യരായ ഉദ്യോഗസ്ഥാര്‍ഥികളുടെ അവകാശ ലംഘനമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസയമം, പൊതുതാല്‍പര്യ ഹരജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദിക്കുന്നു.

പൊതുമരാമത്ത് വകുപ്പിലാണ് കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് നിയമനം നല്‍കിയിരുന്നത്. എന്‍ജിനിയറിംഗ്  ബിരുദധാരിയായ ഇദ്ദേഹത്തിന് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് അസിസ്റ്റന്റ് എന്‍ജിനിയറായി നിയമനം നല്‍കിയത്.
പാലക്കാട് സ്വദേശി അശോക് കുമാറാണ് ഇതിനെതിരെ  ഹൈക്കോടതിയെ സമീപിച്ചത്.   എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ മകന് ജോലി നല്‍കിയെന്നുമായിരുന്നു ഹരജിയിലെ വാദം.


 

 

Latest News