'ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല'; ശശി തരൂരിന്  മറുപടിയുമായി കെ. സുധാകരന്‍

തിരുവനന്തപുരം- കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പിന്തുണച്ച ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമാവില്ല.എന്നാലും ഓരോ പ്രവര്‍ത്തകരും പാര്‍ട്ടിക്ക് വിധേയരാകേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട ആളാണ് ശശി തരൂര്‍. അപ്പോള്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കും. അത് പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും തെറ്റില്ല.
പക്ഷെ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് കോണ്‍ഗ്രസിന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല.വിഷയത്തില്‍ ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നേരിട്ട് കണ്ട് സംസാരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
 

Latest News