വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത:  ഇപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല-  കോടിയേരി

തിരുവനന്തപുരം- പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത ഉണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ 21 ആക്കേണ്ട കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ വിവാഹപ്രായം കുറച്ചാല്‍ പോരേ എന്ന് നേരത്തെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും സി.പി.ഐ നേതാവുമായ ആനി രാജയും ചോദിച്ചിരുന്നു.
പോഷകാഹാരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുന്ന നടപടിയാണിതെന്നും വര്‍ഗീയ കാഴ്ചപ്പാടോടെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നും സി.പി.ഐ.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ആരോപിച്ചിരുന്നു. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്നാണ് സൂചന. 2020 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹപ്രായം ഉയര്‍ത്തല്‍. വിവാഹ പ്രായം ഉയര്‍ത്തുന്നതിനായി 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും.
 

Latest News