മാണിക്യ മലരി'ന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂദല്‍ഹി-  മാണിക്യ മലരായ പൂവി... എന്ന മാപ്പിളപ്പാട്ടിനെതിരെ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച ഈ ഹര്‍ജി പരിഗണിക്കും. ഹര്‍ജി അടിയന്തിരമായി പരിഗണക്കണമെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചീഫ് ജസ്റ്റിസിനു മുമ്പാകെ ഇന്ന് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദില്‍ നല്‍കിയ പരാതിയിന്‍മേല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുകയും മഹാരാഷ്ട്ര അടക്കം മറ്റു സംസ്ഥാനങ്ങളെ തനിക്കെതിരെ കേസെടുക്കുന്നതില്‍ നിന്നും വിലക്കണമെന്നുമാണ് ഹര്‍ജിയില്‍ നടി പ്രിയ ആവശ്യപ്പെടുന്നത്. പാട്ടിന്റെ തെറ്റായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പരാതിയെന്നും മലയാളം സംസാരിക്കാത്ത മറ്റു സംസ്ഥാനങ്ങളിലും സമാന പരാതികളുയരാന്‍ ഇടയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

40 വര്‍ഷം മുമ്പ് രചിക്കപ്പെട്ട ഈ പാട്ടില്‍ മതനിന്ദാപരമായി ഒന്നുമില്ലെന്നും ഇതുവരെ ഇത്തരമൊരു വിവാദത്തിനിടവരുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹാരിസ് ബീരാന്‍, പല്ലവി പ്രതാപ് എന്നീ അഭിഭാഷകരാണ് നടി പ്രിയക്കും ഉമറിനും വേണ്ടി ഹാജരാകുന്നത്.
 

Latest News