ജിദ്ദ - ജിദ്ദയുടെ ഹൃദയഭാഗത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കിരീടാവകാശിയും ഉപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. ജിദ്ദ സെൻട്രൽ എന്നാണ് പദ്ധതിയുടെ പേര്. മധ്യജിദ്ദയിൽ 57 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശം 7,500 കോടിയോളം റിയാൽ നിക്ഷേപങ്ങളോടെയാണ് വികസിപ്പിക്കുക.
സെൻട്രൽ ജിദ്ദ വികസന പദ്ധതിക്ക് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളിൽ നിന്നുമുള്ള നിക്ഷേപകരും പണം മുടക്കും. ജിദ്ദയുടെ ഹൃദയഭാഗത്ത് ആഗോള ലക്ഷ്യസ്ഥാനം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ ദേശീയ സമ്പദ്വ്യവസ്ഥക്ക് 4,700 കോടി റിയാലിന്റെ അധികമൂല്യം നൽകാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഓപ്പറ, മ്യൂസിയം, സ്റ്റേഡിയം, സമുദ്രതടങ്ങൾ-പവിഴപ്പുറ്റ് ഫാമുകൾ എന്നീ നാലു പ്രധാന അടയാളങ്ങളും മറ്റു പത്തിലേറെ വിനോദ, ടൂറിസം പദ്ധതികളും അടങ്ങിയതാണ് പദ്ധതി.
ടൂറിസം, സ്പോർട്സ്, സാംസ്കാരികം, വിനോദം, പാർപ്പിട പ്രദേശങ്ങളുടെ നിർമാണം എന്നീ മേഖലകളുടെ വികസനത്തിലും പ്രവർത്തനത്തിലും സ്വകാര്യ മേഖലക്ക് പങ്കാളിയാകാനുള്ള വഴി പദ്ധതി തുറക്കും. പദ്ധതി പ്രദേശത്ത് 17,000 പാർപ്പിട യൂനിറ്റുകളും 2,700 ലേറെ മുറികൾ ലഭ്യമാക്കുന്ന ഹോട്ടലുകളും നിർമിക്കും. ലോകോത്തര നിലവാരത്തിലുള്ള മറീന, ബീച്ച് റിസോർട്ടുകൾ, ആഢംബര ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വിവിധ ഷോപ്പിംഗ് ഓപ്ഷനുകൾ എന്നിവയും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. ബിസിനസ് മേഖലക്കുള്ള സംയോജിത പരിഹാരങ്ങൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
ഏറ്റവും നൂതനമായ അന്തർദേശീയ സാങ്കേതികവിദ്യകളുടെ പ്രയോഗം കണക്കിലെടുത്തും ഹിജാസി വാസ്തുവിദ്യാ കലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും നഗര നിർമിതി ഘടകങ്ങൾ പ്രയോഗിക്കാൻ ആഗ്രഹിച്ചും അന്താരാഷ്ട്ര നിലവാരമുള്ള സമകാലിക ഡിസൈനുകൾ പദ്ധതിക്കായി അംഗീകരിച്ചിട്ടുണ്ട്. പുനരുപയോഗ ഊർജം ഉൾപ്പെടെയുള്ള മികച്ച സുസ്ഥിര സാങ്കേതികവിദ്യകളുടെ ഉപയോഗം സ്വീകരിക്കുന്നതിനൊപ്പം നൂതന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന ഒരു സ്മാർട്ട് ഡെസ്റ്റിനേഷൻ ആയി സെൻട്രൽ ജിദ്ദയെ പദ്ധതി പരിവർത്തിപ്പിക്കും.






