റിയാദ് - സൗദിവൽക്കരണ നടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ പ്രഖ്യാപിച്ച ഒരു തീരുമാനവും നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് വ്യക്തമാക്കി. രാജ്യത്തെ വ്യാപാര പ്രതിനിധികളുമായി റിയാദിൽ തൊഴിൽ, സാമൂഹിക മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് മന്ത്രി നിലപാട് ആവർത്തിച്ചത്.
രാജ്യത്തെ 28 ചേംബർ ഓഫ് കൊമേഴ്‌സുകളുടെ പ്രസിഡന്റുമാരും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് പ്രസിഡന്റും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനു കീഴിലെ വ്യത്യസ്ത കമ്മിറ്റികളുടെ പ്രസിഡന്റുമാരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
ലെവി ഇൻവോയ്‌സ്, പുതുതായി 12 മേഖലകളിൽ പ്രഖ്യാപിച്ച സൗദിവൽക്കരണം എന്നിവയെ കുറിച്ച് ചർച്ച നടത്തുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ഇളവുകളും ആശ്വാസങ്ങളും നേടുന്നതിനുമാണ് രാജ്യത്തെ മുഴുവൻ ചേംബർ ഓഫ് കൊമേഴ്‌സുകളുടെയും പ്രസിഡന്റുമാർ മന്ത്രിയെ കണ്ടത്. എന്നാൽ നേരത്തെ നിശ്ചയിച്ചതു പ്രകാരം പുതിയ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുമെന്നും 2018 ജനുവരി ഒന്നിനു മുമ്പായി നേടിയ വർക്ക് പെർമിറ്റുകളിൽ ഈ വർഷം അവശേഷിക്കുന്ന കാലാവധിക്ക് അനുസൃതമായി പുതിയ നിരക്കിലുള്ള ലെവി ഈടാക്കുമെന്നും ഡോ. അലി അൽഗഫീസ് പറഞ്ഞു.
മന്ത്രാലയം നടപ്പാക്കുന്ന തീരുമാനങ്ങൾ ചില മേഖലകൾക്ക് കടുത്ത ആഘാതം സൃഷ്ടിച്ചേക്കുമെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് മൊത്തത്തിൽ ഇവ ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില മേഖലകളെ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കണമെന്നും മറ്റു ചില മേഖലകളിൽ സാവകാശം അനുവദിക്കണമെന്നുമുള്ള ചേംബർ പ്രസിഡന്റുമാരുടെ ആവശ്യം മന്ത്രി നിരാകരിച്ചു. ചില തൊഴിൽ മേഖലകളിൽ സൗദികളെ ജോലിക്കു നിയോഗിച്ച് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവുക ദുഷ്‌കരമായിരിക്കുമെന്നും ചില മേഖലകളിൽ മതിയായ തൊഴിൽ പരിചയമുള്ള സൗദികളെ കിട്ടാനില്ലെന്നും വ്യവസായികൾ വാദിച്ചെങ്കിലും മന്ത്രി അംഗീകരിച്ചില്ല.
വിദേശികളുടെ ഒരു വർഷത്തെ ലെവി മുൻകൂറായി ഈടാക്കുന്നതിനു പകരം പ്രതിമാസം ഈടാക്കുക, വിദേശികൾക്കുള്ള ലെവി 2025 വരെ ഘട്ടം ഘട്ടമായി ഉയർത്തുക, സൗദിവൽക്കരണ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനുമുമ്പ് സ്വകാര്യ മേഖലയുമായി ചർച്ച നടത്തുക, പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ആദ്യ വർഷങ്ങളിൽ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നതിനും സ്വകാര്യ മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും മന്ത്രാലയത്തിന്റെയും ചേംബർ ഓഫ് കൊമേഴ്‌സുകളുടെയും പ്രതിനിധികൾ അടങ്ങിയ കർമ സമിതി രൂപീകരിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.
സൗദിവൽക്കരണ ശ്രമങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും സൗദിവൽക്കരണം ഉയർത്തുന്നതിന് തൊഴിൽ മന്ത്രാലയം പിന്തുടരുന്ന ചില നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമാർ മന്ത്രിയോട് പറഞ്ഞതായി അൽഹസ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് അൽഅർഫജ് വെളിപ്പെടുത്തി. രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം തുടരുമ്പോഴാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനങ്ങൾ. ഇത് സ്വകാര്യ മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിവൽക്കരണ തീരുമാനങ്ങൾ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കണമെന്ന വ്യവസായികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. പുതുതായി സൗദിവൽക്കരണം തീരുമാനിച്ച 12 മേഖലകളിൽ വിദേശികളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിന് തുടർന്നും അനുവദിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രിയോട് വ്യവസായികൾ ആവശ്യപ്പെട്ടതായി അബ്ദുല്ലത്തീഫ് അൽഅർഫജ് പറഞ്ഞു.
സൗദിവൽക്കരണത്തെ സ്വകാര്യ മേഖല പിന്തുണക്കുമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രിയോട് വ്യക്തമാക്കിയതായി കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റ് എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. സൗദിയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഏറ്റവും മികച്ച മാർഗങ്ങൾ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയിൽ വിശദമായി വിശകലനം ചെയ്തതായി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.






