ഒമിക്രോണ്‍ വ്യാപനം അതിവേഗം, അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

വാഷിംഗ്ടണ്‍- ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്ത് അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതിയ പശ്ചാത്തലത്തില്‍ അമേരിക്ക നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ബൈഡന്‍ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നിരിക്കയാണ്. ഡിസംബര്‍ ഒന്നിന് 86,000 രോഗികള്‍ ഉണ്ടായിരുന്നതാണ് 1.17 ലക്ഷത്തിലേക്ക് വര്‍ധിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമിക്രോണ്‍ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

ഒമിക്രോണ്‍ വകഭേദം പിടിമുറുക്കിയതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയില്‍ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്.
രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റിയിട്ടുണ്ട്.

 

Latest News