തിരുവനന്തപുരം- ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍.
കെ റെയില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠനംവേണമെന്ന് പറഞ്ഞ് യു.ഡി.എഫ് എം.പിമാര്‍ ഒപ്പുെച്ച നിവേദനത്തില്‍ ഓപ്പുവെക്കാതെ മാറി നിന്ന ശശി തരൂര്‍ എംപിയുടെ നടപടിയാണ് രൂക്ഷ വിമര്‍ശനത്തിനു കാരണം. കെ റെയില്‍ ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാം. എല്ലാ നേതാക്കളും എതിര്‍ക്കുമ്പോള്‍ തരൂര്‍ മാത്രം പഠിച്ചിട്ട് പറയാമെന്ന് പറഞ്ഞത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
കോണ്‍ഗ്രസിന്റ സംസ്‌കാരം ഇതല്ല. ശശി തരൂര്‍ അന്താരാഷ്ട്ര പ്രസിദ്ധനായ ഒരു രാജ്യ തന്ത്രഞ്ജനോ, പ്രസംഗകനോ, എഴുത്തുകാരനോ ആയിരിക്കാം. പക്ഷെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ താത്വികമായ അച്ചടക്കം അദ്ദേഹം പഠിക്കേണ്ടതായിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ആളാണെങ്കില്‍ കെ റെയിലിനെ പിന്തുണക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശി തരൂരിന്റേത്. എംപിയുടെ നടപടി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ എത്രയും പെട്ടെന്ന് വേണം. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തെ അനുകൂലിച്ചയാളാണ് തരൂരെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
ശശി തരൂരിന്റെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.
പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ പ്രസ്താവന. യുഡിഎഫ് എംപിമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയില്‍ പദ്ധതിക്ക് താന്‍ നിലവില്‍ അനുകൂലമാണ് എന്നതല്ല അര്‍ത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാന്‍ സമയം വേണം എന്നാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ തരൂര്‍ വ്യക്തമാക്കിരുന്നു.