ലീഗ് ഓഫീസ് പോലും വഖഫ് ഭൂമിയില്‍, അല്ലാഹുവിന്റെ ഭൂമി തട്ടിയെടുത്തവര്‍ രക്ഷപ്പെടരുത്- എം.വി.ജയരാജന്‍

തളിപ്പറമ്പ്-തളിപ്പറമ്പില്‍ വഖഫ് ഭൂമിയിലാണ് ലീഗ് ഓഫിസ് പോലും പണിതതെന്നും നൂറുകണക്കിന് ഏക്കര്‍ ഭൂമി ചിലര്‍ തങ്ങളുടേതാണ് എന്നുപറഞ്ഞ് കൈക്കലാക്കിയിരിക്കുകയാണെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.
അല്ലാഹുവിന്റെ ഭൂമിയും കൃഷിക്കാരുടെ ഭൂമിയും തട്ടിയെടുത്തവര്‍ രക്ഷപ്പെടാന്‍ പാടില്ല. ശ്മശാനംപോലും ചിലര്‍ കൈക്കലാക്കി. വഖഫ് സ്വത്ത് അന്യാധീനപ്പെടാന്‍ പാടില്ല-അദ്ദേഹം പറഞ്ഞു.  
തളിപ്പറമ്പ് താലൂക്കിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം ജില്ല കമ്മിറ്റി നടത്തിയ തളിപ്പറമ്പ് താലൂക്ക് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

ഭൂമി പിടിച്ചെടുക്കേണ്ടതുണ്ടെന്നും എന്നാല്‍, ആ നയം നടപ്പാക്കാതിരിക്കുകയാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ കാണിക്കുന്ന തോന്നിവാസം നിയന്ത്രിക്കേണ്ടത് റവന്യൂ മന്ത്രിയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വി. ഗോപിനാഥ്, കെ. സന്തോഷ്, എം. വേലായുധന്‍, കെ. കൃഷ്ണന്‍, എം.വി. ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest News