Sorry, you need to enable JavaScript to visit this website.

ചർച്ച വിജയം, പി.ജി ഡോക്ടർമാർ സമരം പിൻവലിച്ചു

തിരുവനന്തപുരം- ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയ ചർയ്ക്ക് പിന്നാലെ കഴിഞ്ഞ പതിനാറ്് ദിവസമായി പി.ജി ഡോക്ടർമാർ നടത്തി വന്ന സമരം ഭാഗികമായി പിൻവലിച്ചു. 
സമരം പിൻവലിക്കുന്ന കാര്യം ഡോക്ടർമാരുടെ സംഘടന വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി പി.ജി ഡോക്ടർമാർ ഇന്നലെ മുതൽ അത്യാഹിത വിഭാഗത്തിൽ ജോലിക്ക് കയറി. ക്യാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടു മണി മുതൽ ജോലിക്ക് പ്രവേശിച്ചു തുടങ്ങി. എന്നാൽ ഒ.പി, വാർഡ് ഡ്യൂട്ടി ബഹിഷ്‌കരണം തുടരാനാണ് തീരുമാനം. ഇന്നലെ ആരോഗ്യമന്ത്രി വീണാജോർജുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ തീരുമാനം വന്നതിനെ തുടർന്നാണ് സമരം മയപ്പെടുത്താൻ തീരുമാനിച്ചത്. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുഭാവപൂർവം തീരുമാനം എടുക്കാമെന്നാണ് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്. ഫണ്ടിന്റെ കുറവ് മൂലമാണ് സ്റ്റൈപ്പന്റ് വർധന നടപ്പാക്കാൻ കഴിയാത്തത്. സ്റ്റൈപ്പന്റ്് നാലു ശതമാനം വർധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യർഥിച്ചിട്ടുണ്ട്. ഇതിന് പുറമെ അനുഭാവപൂർവം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കും. ജൂനിയർ ഡോക്ർമാരുടെ അമിത ജോലിഭാരം കുറക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്. റെസിഡൻസി മാന്വലിൽ നിന്ന് അധികമായി ആർക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതൽ എന്ന് അറിയാൻ പ്രത്യേക സമിതിയെ തന്നെ രൂപവത്കരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സമരക്കാർ അറിയിച്ചു. 
റെസിഡൻസി മാന്വലിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിന് സംഘടനാ പ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി രൂപവത്കരിക്കും. വാർഡുകളിലും അത്യാഹിത വിഭാഗത്തിലും പി.ജി ഡോക്ട ർമാരും ഹൗസ് സർജൻമാരും ചെയ്യുന്ന സേവനങ്ങൾ വലുതാണ്. എന്നാൽ ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എൻ.എ.ജെ.ആർ മാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരിൽ ഏറെ പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. രാജ്യത്ത് ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല. ഇനിയും കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, കൊവിഡ് കാലത്ത് അധികമായി നിയമിച്ച 249 എസ്.ആർമാരെ ഒഴിവാക്കി അത്രയും തുകക്ക് കൂടുതൽ എൻ.എ.ജെ ആർമാരെ നിയമിക്കുന്ന കാര്യം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. 
ചർയിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, പി.ജി വിദ്യാർഥി സംഘടനാ പ്രതിനിധികൾ, നേരത്തെ ചർച്ച നടത്തിയ പി.ജി അസോസിയേഷൻ നേതാക്കൾ പങ്കെടുത്തു.

Latest News