ന്യൂദൽഹി -ആധാർ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി തന്നെ രണ്ടു ആംആദ്മി എംഎൽഎമാർ ചേർന്ന് കൈകാര്യം ചെയ്‌തെന്ന് ദൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ആരോപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ തുടർന്ന് ചീഫ് സെക്രട്ടറി അവിടെ നിന്നും ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജലിയുടെ വസതിയിലെത്തി പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. ആംആദ്മി എം.എൽ.എ അമാനുല്ല ഖാൻ തന്റെ കോളറിനു പിടിച്ചു ശകാരിച്ചതായും ചീഫ് സെക്രട്ടറി പറയുന്നു. ഐഎഎസുകാരുടെ സംഘടന മുഖ്യമന്ത്രിക്കും എംഎൽഎമാർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ചീഫ് സെക്രട്ടറിയുടെ ആരോപണം തീർത്തും അസംബന്ധമാണെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു. സർക്കാരിന്റെ സംശയങ്ങൾക്ക് താൻ മുഖ്യമന്ത്രിയോട് മറുപടി പറയില്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. തനിക്ക് ഉത്തരം പറയേണ്ടത് ലഫ്റ്റനന്റ് ഗവർണറോടാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എം.എൽ.എമാരോട് മോശം ഭാഷയിൽ സംസാരിച്ച ചീഫ് സെക്രട്ടറി ഒരു മറുപടിയും നൽകാതെയാണ് ഇറങ്ങിപ്പോയതെന്നും പാർട്ടി അറിയിച്ചു. ദൽഹിയിലെ 2.5 ലക്ഷം കുടുംബങ്ങൾക്ക് റേഷൻ മുടങ്ങാൻ ഇടയായ രീതിയിൽ ആധാർ വിതരണത്തിൽ വന്ന പാളിച്ച ചർച്ച ചെയ്യാനാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചിരുന്നതെന്നും പാർട്ടി വ്യക്തമാക്കി.
ബിജെപിക്കു വേണ്ടിയാണ് ചീഫ് സെക്രട്ടറി ഈ അസംബന്ധ ആരോപണവുമായി രംഗത്തു വന്നിട്ടുള്ളതെന്ന് വ്യക്തമാണ്. ഒരു ചീഫ് സെക്രട്ടറിക്ക് ഇത്തരം വന്യമായ ആരോപണങ്ങളുന്നയിക്കാമെങ്കിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എ.എ.പി സർക്കാരിനെ വഴി തടയാനുള്ള ബിജെപി തന്ത്രങ്ങൾ ആർക്കും ഊഹിച്ചെടുക്കാവുന്നതാണെന്നും പാർട്ടി പ്രതികരിച്ചു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവുകൾ എടുത്ത് ലഫ്റ്റനന്റ് ഗവർണറും ഉദ്യോഗസ്ഥരും നിരന്തരം സർക്കാരിന്റെ പ്രവർത്തനങ്ങളെ തടയുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.