വ്യക്തികളുടെ വിവരങ്ങൾ പരസ്യക്കാർക്ക് വിറ്റു; 55 ലക്ഷം പൗണ്ട് പിഴ

ഉപയോക്താക്കളുടെ ഡാറ്റ പരസ്യ കമ്പനികൾക്ക് വിൽപന നടത്തിയ കുറ്റത്തിൽ ഡേറ്റിംഗ് ആപ്പായ ഗ്രിൻഡറിന് 55 ലക്ഷം പൗണ്ട് പിഴശിക്ഷ. വ്യക്തികളുടെ സമ്മതമില്ലാതെ ഇത്തരത്തിൽ ഡാറ്റകൾ കൈമാറുന്നത് സ്വകാര്യതാ സംരക്ഷണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോർവീജിയൻ ഡാറ്റ പ്രൊട്ടക്്ഷൻ അതോറിറ്റി ശിക്ഷ വിധിച്ചത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന് ആപ്പ് അധികൃതർ ബോധിപ്പിച്ചതിനെ തുടർന്നാണ് 86 ലക്ഷം പൗണ്ടിൽനിന്ന് 55 ലക്ഷം പൗണ്ടായി കുറച്ചത്. ആപ്ലിക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന് കമ്പനി ഉറപ്പുനൽകുകയും ചെയ്തു. 


ആളുകളുടെ ലൈംഗിക താൽപര്യങ്ങൾക്കനുസൃതമായ പരസ്യങ്ങൾ നൽകുന്നതിനാണ് ഗ്രിൻഡർ പരസ്യകമ്പനികൾക്ക് വ്യക്തികളുടെ ഡാറ്റ നൽകിയിരുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് നോർവീജിയൻ ഡാറ്റ പ്രൊട്ടക് ഷൻ അതോറിറ്റി (ഡി.പി.എ) ഇന്റർനാഷണൽ വിഭാഗം തലവൻ തൊബായിസ് ജൂഡിൻ പറഞ്ഞു. നോർവീജിയൻ കൺസ്യൂമർ കൗൺസിൽ നൽകിയ പരാതിയെ തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. 
സ്വകാര്യ വിവരങ്ങൾ പങ്കുവെച്ച കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നോർവീജിയൻ ഡി.പി.എ വലിയ തുകയുടെ പിഴ ചുമത്തിയത്. ജി.പി.എസ് ലൊക്കേഷൻ, ഐ.പി അഡ്രസ്, പരസ്യ ഐഡി, പ്രായം, ലിംഗം തുടങ്ങി എല്ലാവിവരങ്ങളും ഗ്രിൻഡർ കൈമാറിയിരുന്നു.

വ്യക്തികളുടെ ലൈംഗിക താൽപര്യങ്ങൾക്ക് ജി.ഡി.പി.ആർ ചട്ടങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നതിനാലാണ് ഡാറ്റ ലംഘനത്തെ ഗൗരവമായി കണക്കാക്കിയത്. ബിഹേവിയറൽ പരസ്യങ്ങൾക്കായി വിവരങ്ങൾ കൈമാറുന്നതിനുള്ള അനുമതി ഗ്രിൻഡർ വാങ്ങിയിരുന്നില്ല. ഉപയോക്താക്കൾ നിർബന്ധമായും സമ്മതിക്കേണ്ട പ്രൈവസി പോളിസിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നുമില്ല. ആദ്യം വിധിച്ച പിഴ തുക കൂടുതലായിരുന്നെങ്കിലും കമ്പനിയുടെ വലിപ്പവും സാമ്പത്തിക സ്ഥിതിയും ബോധിപ്പിച്ചതിനെ തുടർന്നാണ് കുറച്ചത്. കമ്പനി സ്വീകരിക്കുന്ന അനുമതികളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുമുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ ജി.പി.ഡി.ആർ ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് പരിശോധിച്ചിട്ടില്ലെന്ന് അതോറിറ്റി പറഞ്ഞു. നിയമവിരുദ്ധമായി കൈക്കലാക്കിയ ഡാറ്റകൾ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതിന് കമ്പനിയോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അപ്പീൽ നൽകാൻ ഗ്രിൻഡറിന് മൂന്നാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. 


 

Latest News