- മറ്റു ആപ്പുകൾ ഉപയോഗിച്ച് വാട്‌സാപ്പ് ഉപയോക്താക്കളെ പിന്തുടരാനാകില്ല
സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് പലവിധത്തിലുള്ള സൈബർ തട്ടിപ്പുകൾ തുടരുന്ന പശ്ചത്തലത്തിൽ മിക്ക സമൂഹ മാധ്യമങ്ങളും ആപ്പുകളും സ്വകാര്യതാ സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിയമ പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണിത്. ജനപ്രയി മെസേജിംഗ് ആപ്പായ വാട്‌സാപ്പും ഇക്കാര്യത്തിൽ പിറകിലല്ല. വലിയ തോതിലുള്ള സ്വകാര്യതാ സംരക്ഷണമാണ് ഡേറ്റകൾ ചോരില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഉണ്ടായിരുന്ന വീഴ്ചകൾ പരിഹരിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് വാട്‌സാപ്പ് പുതിയൊരു ഫീച്ചർ പുറത്തിറിക്കയിരിക്കയാണ്.
വാട്‌സാപ്പിൽ ലാസ്റ്റ് സീൻ സ്റ്റാറ്റസ് ഇനി എല്ലാവർക്കും കാണാൻ കഴിയില്ല. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി വാട്‌സാപ്പിലെ പുതിയ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തു.
വാട്‌സാപ്പിൽ ഒരു കോൺടാക്ടിന്റെ പേരിനോട് ചേർന്നാണ് ലാസ്റ്റ് സീൻ വിവരം കാണിക്കുന്നത്. മെസേജ് സ്വീകരിക്കാനിരിക്കുന്ന കോൺടാക്ട് അടുത്തായി വാട്‌സാപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയുന്ന ഉപകാരമുള്ള ഒരു ഫീച്ചറാണിത്. സുഹൃത്ത് കഴിഞ്ഞ ദിവസം വാട്‌സാപ്പ് തുറന്നിട്ടുണ്ടോ, മെസേജ് വായിക്കുമോ തുടങ്ങിയ കാര്യങ്ങൾ ആലോചിക്കേണ്ടതില്ല.
ഇതുവരെ ഈ ഫീച്ചറിൽ കൂടുതൽ സൗര്യങ്ങൾ ഉണ്ടായിരുന്നില്ല. ആ പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്. കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും കാണാൻ കഴിയുംവിധത്തിലോ ആർക്കും കാണാൻ കഴിയാത്ത വിധത്തിലോ സെറ്റ് ചെയ്യാനായിരുന്നു ഇതുവരെ അനുമതി.
നിങ്ങൾക്ക് പരിചയമില്ലാത്തവരും ഇതുവരെ ചാറ്റ് ചെയ്യാത്തവരും ഇനിമുതൽ ലാസ്റ്റ് സീൻ കാണേണ്ടതില്ലെന്ന സൗകര്യമാണ് പുതുതായി വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നത്.
നേരിട്ട് ബന്ധമില്ലാത്ത ഒരാളുടെ ലാസ്റ്റ് സീൻ സ്റ്റാറ്റസ് കാണാൻ സൗകര്യം ചെയ്യുന്ന ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇത്തരം ആപ്പുകൾ ഉപയോഗിച്ച് മറ്റു വാട്‌സാപ്പ് ഉപയോക്താക്കളുടെ പിന്നാലെ കൂടുന്നവർക്ക് മറ്റുള്ളവർ ഓൺലൈനിലുണ്ടോ എന്ന കാര്യം മാത്രമേ അറിയാൻ കഴിഞ്ഞിരുന്നുള്ളു എന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. പുതിയ മാറ്റത്തോടെ ഈ പ്രശ്‌നത്തിനും പരിഹാരമായിരിക്കയാണ്. ഇത്തരം ആപ്പുകൾ ഉപയോഗിച്ചാലും ഒരാളുമായി ചാറ്റ് ചെയ്താൽ മാത്രമേ ഓൺലൈനിലുണ്ടോ എന്ന വിവരം പോലും ഇനിമുതൽ ലഭിക്കുകയുള്ളു.
നിങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തമ്മിലോ നേരത്തെ ചാറ്റ് ചെയ്തവർ തമ്മിലോ പുതിയ മാറ്റം ഒരുതരത്തിലും ബാധിക്കില്ലെന്ന് വാട്‌സാപ്പ് കസ്റ്റമർ സപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ആപ്പിന്റെ ഉപയോഗത്തിൽ പ്രയോജനപ്രദവും ഫലപ്രദവുമായ മാറ്റങ്ങളാണ് വാട്‌സാപ്പ് അപ്‌ഡേറ്റുകളിലൂടെ ഇടക്കിടെ നടത്തിക്കൊണ്ടിരിക്കുന്നത്.