ജിദ്ദ - ദക്ഷിണ ജിദ്ദയിലെ ജാമിഅ ഡിസ്ട്രിക്ടിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദേശിക്ക് ക്രൂരമായ ആക്രമണം. ഇഖാമ, തൊഴിൽ നിയമ ലംഘകരായ രണ്ടു ആഫ്രിക്കക്കാർ ചേർന്ന് അപ്രതീക്ഷിതമായി വിദേശിയെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനുള്ള തന്റെ ശ്രമം വിഫലമായതോടെ വിദേശി തന്നെയാണ് ഇക്കാര്യം സമീപത്ത് നിലയുറപ്പിച്ചിരുന്ന അക്രമികളുടെ ശ്രദ്ധയിൽ പെടുത്തി സഹായം തേടിയത്.
ഇതേ കുറിച്ച് സംസാരിക്കുന്നതിനിടെ പിൻവശത്തുകൂടി എത്തിയ സംഘത്തിൽ ഒരാൾ അപ്രതീക്ഷിതമായി വിദേശിയുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയും മർദിക്കുകയും രണ്ടാമൻ പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയുമായിരുന്നു. ക്രൂരമായ മർദനത്തിൽ വിദേശി ബോധരഹിതനായി നിലംപതിച്ചു. ഇത് തെല്ലും ഗൗനിക്കാതെ വിദേശിയുടെ പക്കലുണ്ടായിരുന്ന പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കി സംഘം രക്ഷപ്പെടുകയായിരുന്നു. ജാമിഅ ഡിസ്ട്രിക്ടിൽ അൽഖുർതുബി സൂപ്പർമാർക്കറ്റിനു പിന്നിൽ അൽറാജ്ഹി മസ്ജിദിനു മുന്നിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.






