200 കലാകാരന്മാര്‍ എട്ട് സ്‌റ്റേജുകളില്‍; മിഡില്‍ ബീസ്റ്റ് സൗണ്ട് സ്‌റ്റോം സംഗീത കച്ചേരി നാളെ മുതല്‍

റിയാദ്- റിയാദ് സീസണിനോടനുബന്ധിച്ച് ഇരുന്നൂറോളം അറബ്, ലോകോത്തര കലാകാരന്മാര്‍ എട്ട് വേദികളിലായി അണിനിരക്കുന്ന മിഡില്‍ ബീസ്റ്റ് സൗണ്ട് സ്‌റ്റോം സംഗീത കച്ചേരിക്ക് റിയാദ് ബാന്‍ബന്‍ ഗ്രൗണ്ട് വ്യാഴാഴ്ച സാക്ഷിയാകും. ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഈ സംഗീത കച്ചേരി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംഗീത കച്ചേരിയായി മാറും. ഏറ്റവും മുന്തിയ സംഗീത ഉപകരണങ്ങളും ലൈറ്റുകളും ഉള്‍പ്പെടെ വിപുല സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഒരു ദിവസത്തെ ടിക്കറ്റിന് 135 റിയാലും നാലു ദിവസത്തിന് 399 റിയാലും വിഐപി ടിക്കറ്റിന് ഒരു ദിവസത്തേക്ക് 2999 റിയാലും നാലു ദിവസത്തേക്ക് 8999 റിയാലുമാണ് ഈടാക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പരിപാടിയിലേക്ക് പ്രവേശനം നല്‍കില്ല.
കനത്ത സുരക്ഷയിലാണ് പരിപാടി. ഓരോ 30 പേര്‍ക്കും ഒരാളെന്ന നിലയില്‍ എട്ടായിരം ഉദ്യോഗസ്ഥരെയാണ് ചടങ്ങിന്റെ സുരക്ഷക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. 335 നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ ഉടനെ അവരെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കും. മാത്രമല്ല നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരിപാടിക്കെത്തുന്ന എല്ലാവരും അച്ചടക്കം പാലിക്കണമെന്ന് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആവശ്യപ്പെട്ടു.

 

Latest News