Sorry, you need to enable JavaScript to visit this website.

പണം തിരിച്ചുപിടിക്കാനുള്ള വഴി പി.എൻ.ബി തന്നെ അടച്ചെന്ന് നീരവ് മോഡി

ന്യൂദൽഹി -പഞ്ചാബ് നാഷണൽ ബാങ്കിന്റെ അമിതാവേശം തന്റെ ബിസിനസ് തകർത്തെന്നും വായ്പയെടുത്ത പണം തരിച്ചടക്കാനുള്ള എല്ലാ വഴികളും മുട്ടിച്ചെന്നും കോടികൾ തട്ടി രാജ്യം വിട്ട വ്യവസായി നീരവ് മോഡി. 11,400 കോടി രൂപ വെട്ടിച്ചെന്ന കാര്യം ബാങ്ക് പരസ്യമായി പറഞ്ഞതാണ് ഇതിനു കാരണമെന്നും മോഡി പറയുന്നു. യഥാർത്ഥത്തിൽ തന്റെ ബാധ്യത 5,000 കോടി രൂപയെ വരുന്നുള്ളൂവെന്നും ഫെബ്രുവരി 16ന് ബാങ്ക് മാനേജ്‌മെന്റിനയച്ചതെന്ന പേരിൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കത്തിൽ മോഡി പറയുന്നു. 

ഏതാനും സ്ഥാപനങ്ങൾ വിറ്റ് ബാധ്യത തീർക്കാൻ മാർഗമുണ്ടായിരുന്നു. ഇക്കാര്യം മുൻകുട്ടി അറിയിച്ചിരുന്നെങ്കിലും ആശങ്കയിലായ ബാങ്ക് തന്റെ ബാധ്യത പെരുപ്പിച്ച് കാണിച്ചതോടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു. ഇതോടെ ഫയർസ്റ്റാർ ഇന്റർനാഷണൽ, ഫയർസ്റ്റാർ ഡയമണ്ട് ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങൾ വിറ്റ് ബാധ്യത തീർക്കാനുള്ള വഴികളും അടഞ്ഞുവെന്നു മോഡി പറയുന്നു.

ജനുവരി ആദ്യ വാരം കുടുംബ സമേതം രാജ്യം വിട്ട മോഡിയുടെതെന്ന കരുതപ്പെടുന്ന കത്ത് വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. 'ബാധ്യത തീർക്കാനാകുമെന്നറിയിച്ചിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ബാങ്ക് കിട്ടാനുള്ള പണം വേഗത്തിൽ തിരിച്ചുപിടിക്കണമെന്ന ആശങ്കയിൽ ഈ ബാധ്യതകൾ പരസ്യമായി പ്രഖ്യാപിച്ചതിലൂടെ എന്റെ ബ്രാൻഡും ബിസിനസും തകർത്തു.'

മാധ്യമ റിപ്പോർട്ടുകൾ പറയുന്ന പോലെ 11,000 കോടി രൂപയിലേറെ വരുന്ന ബാധ്യതകളൊന്നുമില്ല. നീരവ് മോഡി ഗ്രൂപ്പിന്റെ ബാധ്യത വളരെ കുറവാണ്. ബാങ്ക് പരാതി നൽകിയിരുന്നെങ്കിലും ഫയർസ്റ്റാർ ഗ്രൂപ്പിനെയോ കമ്പനിയുടെ ആസ്തികളോ വിൽക്കാൻ അനുവദിക്കണമെന്ന് ബാങ്കിനോട് അപേക്ഷിച്ചിരുന്നതായും കത്തിൽ പറയുന്നു.
 

Latest News