Sorry, you need to enable JavaScript to visit this website.

പിങ്ക് പോലീസ് അപമാനിച്ച പെണ്‍കുട്ടിക്കും പിതാവിനും നഷ്ടപരിഹാരം; സര്‍ക്കാര്‍ മറുപടി നല്‍കണം

കൊച്ചി- തിരുവനന്തപുരം ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പോലിസ് പരസ്യമായി അപമാനിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥക്കെതിരെ എന്തുകൊണ്ടു നടപടി സ്വീകരിക്കുന്നില്ലെന്നു കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
പൊതുജന മധ്യത്തില്‍ മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കപ്പെട്ട കുട്ടിക്കും പിതാവിനും നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ വിശദീകരണം ബോധിപ്പിക്കണമെന്നും സര്‍ക്കാരിനു വീ്ണ്ടും കോടതി നിര്‍ദേശം നല്‍കി. ഈ കേസിലെ ഇരയ്ക്ക് നഷ്ടപരിഹം നല്‍കുന്നതിലൂടെ മാത്രമേ നീതികരണമുണ്ടാവൂ എന്നും കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ നഷ്ടപരിഹാരമാണ് നല്‍കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
നമ്പി നാരായണന്റെ കേസില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതു പോലെ ഈ കേസിലും നഷ്ടപരിഹാരം പ്രഖ്യാപിക്കാനാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസും നഷ്ടപരിഹാരം നല്‍കുന്നതിനു വളരെ അനുയോജ്യമായ കേസാണെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ചോദിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ നല്‍കാന്‍ കഴിയുന്ന തുക കോടതിയില്‍ ബോധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണണെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സര്‍ക്കാരിനോട് തുക വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.
സ്ഥലം മാറ്റം ശിക്ഷനടപടിയാണോയെന്ന് കോടതി ചോദിച്ചു. പോലിസ് ഉദ്യോഗസ്ഥയെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കുട്ടിയുടെ മാനസിക നില എന്തു കൊണ്ടു കാണുന്നില്ലെന്നും കോടതി ചോദിച്ചു. അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും എന്തു നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥ നല്‍കിയ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. പരസ്യമായി അപമാനിച്ചപ്പോള്‍ പെണ്‍കുട്ടി അനുഭവിച്ച മാനസിക പീഡനം വളരെ വലുതാണെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്.

 

 

Latest News